play-sharp-fill
‘ഞാന്‍ എന്റെ കര്‍മം ചെയ്തു’ മാതാപിതാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ചിരിച്ചുകൊണ്ട് അനിൽ; കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകം; കൃത്യത്തിനുശേഷം നാട്ടുകാര്‍ക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സാഹസികമായി കീഴടക്കി; തിരുവല്ല പുളിക്കീഴ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഞാന്‍ എന്റെ കര്‍മം ചെയ്തു’ മാതാപിതാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ചിരിച്ചുകൊണ്ട് അനിൽ; കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകം; കൃത്യത്തിനുശേഷം നാട്ടുകാര്‍ക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സാഹസികമായി കീഴടക്കി; തിരുവല്ല പുളിക്കീഴ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ലയിലെ പുളിക്കീഴില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് നാട്ടുകാര്‍ക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പൊലീസ്. അതിസാഹസികമായാണ് പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് കീഴടക്കിയത്. പുളിക്കീഴ് നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76) യെയും ഭാര്യ ശാരദയെയുമാണ് ഇവരുടെ ഇളയ മകൻ അനിൽ കുടുംബ വഴക്കി​ന്റെ പേരിൽ വെട്ടിക്കൊന്നത്.

ആദ്യം അച്ഛനെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി, പിന്നാലെ അമ്മയെയും ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ വെട്ടേറ്റ ദമ്പതിമാരെ ആശുപത്രിയിലെത്തിക്കാനും വൈകി. ആദ്യം സ്ഥലത്തെത്തിയ പോലീസിന് നേരേയും പ്രതി കയര്‍ത്തു. ഒടുവില്‍ കൂടുതല്‍പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തിയെങ്കിലും വെട്ടേറ്റ മാതാപിതാക്കള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടി പൊതുപ്രവര്‍ത്തകനായിരുന്നു. അനിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നേരത്തെ പലതവണ ഇവര്‍ പരാതികള്‍ കൊടുത്തിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മകന്റെ ഉപദ്രവം കാരണം ദമ്പതിമാര്‍ ഇടയ്ക്ക് മാറിതാമസിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.

കൃഷ്ണന്‍കുട്ടി-ശാരദ ദമ്പതിമാര്‍ക്ക് മൂന്നുമക്കളിൽ ഇളയമകനാണ് അനില്‍. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ അനില്‍ മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായി വിവരമുണ്ട്. ബഹളംകേട്ട് പോലീസിനെ വിളിച്ചറിയിച്ചെങ്കിലും രാത്രി പോലീസ് എത്തിയില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയതോടെയാണ് ദമ്പതിമാരെ വെട്ടേറ്റനിലയില്‍ സമീപവാസികള്‍ കണ്ടത്. കഴുത്തറത്താണ് കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയത്. വയറിന്റെഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ഇതിനുശേഷമാണ് പല്ലുതേക്കുകയായിരുന്ന ശാരദയെയും കഴുത്തിന് വെട്ടിയത്. ഇരുവരെയും ആക്രമിച്ചശേഷം വെട്ടുകത്തിയുമായി പ്രതി അനില്‍ വീടിന്റെ മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരെ ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി.

മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ‘ഞാന്‍ എന്റെ കര്‍മം ചെയ്തു’ എന്നുപറഞ്ഞ് പ്രതി വീടിന് മുന്നില്‍നില്‍ക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാള്‍ പ്രതികരിച്ചത്. കര്‍മം ചെയ്‌തെങ്കില്‍ മാറിനില്‍ക്ക്, അവരെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെ എന്നുപറഞ്ഞപ്പോളും പ്രതി അതിന് സമ്മതിച്ചില്ല. നിങ്ങള്‍ ആരും ഇനി നോക്കേണ്ടെന്നായിരുന്നു മറുപടി.

തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ കീഴടക്കിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ പ്രതി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും നാട്ടുകാര്‍ സംശയിക്കുന്നു. സംഭവത്തില്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന തുടരുകയാണ്.