പാവം പാവം മജിസ്‌ട്രേറ്റുമാര്‍ പന പോലെ വളര്‍ത്തിയ കള്ളന്‍; ചുരുളിയില്‍ പെട്ടത് പോലെ കള്ളന് പിന്നാലെ പായുന്ന പൊലീസുകാര്‍; തിരുവല്ലയിലെ ഈ കള്ളന് പൊലീസും കോടതിയും പുല്ലാണ്..!

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: തിരുവല്ലയില്‍ ബസ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചയാളെ പിന്തുടര്‍ന്ന് പിടികൂടി. ഇന്നത്തെ ദിവസം ഈ വാര്‍ത്ത എല്ലാവരും സാധാരണ വാര്‍ത്തയായി വായിച്ചുവിട്ടു. പക്ഷേ, ആ വാര്‍ത്ത ഒരു സാധാരണ വാര്‍ത്തയല്ല. അതൊരു അസാധാരണ സംഭവമായിട്ടല്ല സാധാരണ വാര്‍ത്തയല്ലെന്ന് മുന്‍കൂട്ടി പറഞ്ഞത്. ഇതിലും ഗതികെട്ടവനെ നീ കണ്ടിട്ടുണ്ടോ കര്‍ത്താവേ എന്ന ആട് സിനിമയിലെ ഷാജി പാപ്പന്റെ ഡയലോഗ് ഓര്‍മ്മയില്ലേ? ഉണ്ട്. പാപ്പനേക്കാള്‍ ഗതികെട്ടവര്‍ തിരുവല്ലയിലുണ്ട്. മറ്റാരുമല്ല, ആദ്യം പരാമര്‍ശിച്ച അസാധാരണ മോഷണക്കഥയിലെ കള്ളനും പൊലീസുകാരും..!

ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈല്‍ മോഷണവും പതിവാക്കിയ കുപ്രസിദ്ധ കള്ളനാണ് തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടില്‍ സോമന്‍ (63) . തിരുവല്ലയില്‍ ബസ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച അതേ കള്ളന്‍. ആദ്യമായല്ല സോമന്‍ പൊലീസ് പിടിയിലാകുന്നത്. കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസില്‍ കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായ സോമന്‍ ഒരാഴ്ച മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തിരുവല്ലയിലും ചങ്ങനാശ്ശേരിയിലും വേറെയുമുണ്ട് കേസുകള്‍. കോട്ടയം മാത്രമല്ല, മറ്റ് ജില്ലകളിലും ഇയാളുടെ പേരില്‍ പോക്കറ്റടി കേസുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരം മോഷ്ടവാണെന്ന് പകല്‍ പോലെ വ്യക്തം. എന്നിട്ടും ഇയാളെ സ്ഥിരമായി അഴിക്കുള്ളിലാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കാരണം, ആരുമില്ലാത്ത കള്ളന്മാര്‍ക്ക് മജിസ്‌ട്രേറ്റുമാരുണ്ട്. സ്ഥിരമായി ജാമ്യം ലഭിക്കുന്ന സ്ഥിരം മോഷ്ടാവായ സോമന്‍ ജാമ്യത്തിലിറങ്ങി അധികം വൈകാതെ അടുത്ത മോഷണം നടത്തും. പൊലീസ് പിടിക്കും. മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിടും. വീണ്ടും മോഷണം നടത്തും. വീണ്ടും പൊലീസ് പിടിക്കും. വീണ്ടും മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിടും.

ചിരിച്ച്് തള്ളാമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും കാര്യം അത്ര നിസ്സാരമല്ല. സ്ഥിരം കുറ്റവാളികള്‍ സ്ഥിരമായി പുറത്ത് കറങ്ങി നടന്നാല്‍ പൊതുജനം തസ്‌കരഭയം കാരണം വീടിനുള്ളില്‍ അടച്ചിരിക്കേണ്ടി വരും. നിയമത്തില്‍ പഴുതുകളുണ്ടാവാം, മോഷ്ടാവാണെങ്കിലും അയാള്‍ നീതി അര്‍ഹിക്കുന്നുണ്ടാവാം.. എങ്കിലും ഇത്രയും തവണ പിടിക്കപ്പെട്ടിട്ടും മോഷണം നിര്‍ത്താന്‍ പദ്ധതിയില്ലെങ്കില്‍ സ്ഥിരമായി അകത്തിടുന്നതല്ലേ ബുദ്ധി..? ഈ ചുരുളിയില്‍ ഇങ്ങനെ കള്ളനും പൊലീസും കളിച്ച് അത്രകാലമാ..?

ഇന്ന് വില കൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും 18,00 രൂപ അടങ്ങുന്ന പഴ്‌സും പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു. പന്തളം പറന്തല്‍ സ്വദേശി ജെയിംസ് മാത്യുവിന്റെ 25,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിലാണ് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊലിസ് സോമനെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ അടൂരില്‍ നിന്നും പന്തളത്തേക്ക് വന്നതായിരുന്നു ജെയിംസ്. പന്തളത്ത് ബസ് ഇറങ്ങി മിനിട്ടുകള്‍ക്ക് ശേഷമാണ് മൊബൈല്‍ നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ജെയിംസ് മറ്റൊരു വാഹനത്തില്‍ സൂപ്പര്‍ ഫാസ്റ്റിനെ പിന്തുടര്‍ന്നു. തിരുവല്ലയില്‍ എത്തും മുമ്ബ് തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്‍ഡില്‍ എത്തുമ്‌ബോഴേക്കും പൊലീസും ജെയിംസും സ്ഥലത്തെത്തി. തുടര്‍ന്ന് ബസിനുള്ളില്‍ നിന്നും സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും പഴ്‌സും കണ്ടെടുത്തത്.