യാത്രക്കാരിൽനിന്ന് പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല ; തിരുവല്ലയിൽ കെഎസ്ആർടിസി കണ്ടക്ടർ വിജിലൻസ് പിടിയിൽ ; പറ്റിക്കപ്പെട്ടത് അന്തർ സംസ്ഥാന തൊഴിലാളികളായ യാത്രക്കാർ
സ്വന്തം ലേഖകൻ
തിരുവല്ല: യാത്രക്കാരിൽനിന്ന് പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെഎസ്ആർടിസി കണ്ടക്ടർ വിജിലൻസ് പിടിയിൽ. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സുരേന്ദ്രനാണ് വിജിലൻസ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ആറരക്ക് തിരുവല്ല ഡിപ്പോയിൽനിന്ന് അടൂരിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ അടൂരിന് സമീപം കെ.എസ്.ആർ.ടി.സി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്തർ സംസ്ഥാന തൊഴിലാളികളായ യാത്രക്കാർക്കാണ് ടിക്കറ്റ് നൽകാതിരുന്നത്. സംഭവം ശ്രദ്ധയിൽപെട്ട ബസ് യാത്രികനായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വിജിലൻസ് ഉദ്യോഗസ്ഥരെ ഫോണിലൂടെ വിവരം അറിയിച്ചത്. തുടർന്ന് പന്തളത്തുനിന്ന് കയറിയ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തങ്ങളുടെ നാട്ടിലും ഇങ്ങനെയാണെന്നായിരുന്നു സംഭവത്തിൽ പരാതിയില്ലെന്ന് പറഞ്ഞ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതികരണം. സുരേന്ദ്രൻ മുമ്പും ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നോ എന്നത് പരിശോധിക്കും. വിഷയത്തിൽ ഡി.ടി.ഒ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.