play-sharp-fill
പൊലീസ് വിരട്ടൽ വിലപ്പോയില്ല: തിരുവാഭരണ ഘോഷയാത്രയ്ക്ക് ആയിരങ്ങൾ പന്തളത്ത്

പൊലീസ് വിരട്ടൽ വിലപ്പോയില്ല: തിരുവാഭരണ ഘോഷയാത്രയ്ക്ക് ആയിരങ്ങൾ പന്തളത്ത്


സ്വന്തം ലേഖകൻ

ശബരിമല: നാമജപത്തിൽ പങ്കെടുത്തതിന്റെ പേരിൽ കേസുള്ളവർക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാൻ അനുമതി നൽകില്ലെന്ന പൊലീസിന്റെ വിരട്ടൽ വിലപ്പോയില്ല. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സർക്കുലർ പിൻവലിച്ചു. ക്ഷേത്രോപദേശക സമിതിക്ക് അപേക്ഷ നൽകിയ ആയിരം പേർക്ക് ദേവസ്വം അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ പാസ് ഒപ്പിട്ട് നൽകി.

ഇതോടെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് പന്തളത്തേക്ക് എത്തിയത്. നാമജപത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന തോന്നൽ വന്നതോടെ കൊട്ടാരം നിർവാഹക സമിതി ശക്തമായ നിലപാടുമായി രംഗത്തെത്തി. അനുകൂലിച്ച് ഹൈന്ദവ സംഘടനകളും രംഗത്തെത്തിയതോടെ തിരുവാഭരണ ഘോഷയാത്ര തന്നെ അനിശ്ചിതത്വത്തിലാകുമെന്ന അന്തരീക്ഷം ഉടലെടുത്തു. വിഷയം വിവാദത്തിനും പ്രതിഷേധങ്ങൾക്കും വഴിതെളിക്കുമെന്ന് കണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് ചർച്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ നടപടി പൂർത്തിയാക്കി പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ദേവസ്വം ബോർഡിന് കൈമാറി. തുടർന്ന് തിരുവാഭരണങ്ങൾ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തിച്ചശേഷം ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നുവച്ചു. പുലർച്ചെ 4 മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് പന്തളത്ത് അനുഭവപ്പെടുന്നത്. ഉച്ചയോടെ ശൈവ-വൈഷ്ണവ സാന്നിദ്ധ്യം വിളിച്ചോതി ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറക്കുന്നതോട പന്തളം താര എന്നറിയപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. ആദ്യ ദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും വിശ്രമിക്കുന്ന തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് 4 ഓടെ ശരംകുത്തിയിലെത്തും. ഇവിടെനിന്ന് ദേവസ്വം ബോർഡും പൊലീസും അയ്യപ്പസേവാസംഘം വാളന്റിയമാരും ചേർന്ന് സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും.

സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോകും. തുടർന്ന് നട അടച്ച് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. നടതുറക്കുന്നതോടെ പൊന്നമ്പല മേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും. ഇതുകണ്ട് സന്നിധാനത്തും പൂങ്കാവനത്തിലും തമ്പടിച്ചിരിക്കുന്ന ഭക്തർ കർപ്പൂരം കത്തിച്ച് ആരതി ഉഴിഞ്ഞ് മലയിറങ്ങും.