പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ കള്ളനെന്ന് മന്ത്രി ജി സുധാകരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചതെന്നും പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളിൽ ഇടപെടാനോ ശശികുമാര വർമ്മക്ക് അധികാരമില്ലെന്നും അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണെന്നും പഴയ എസ് എഫ് ഐ ഭാരവാഹിയാണെന്നും മന്ത്രി വിമർശിച്ചു. അയ്യപ്പനെ കൊല്ലാൻ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരൻ വ്യക്തമാക്കി.
അതേസമയം ഇത്തവണ തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞിരുന്നു. പരിചയമില്ലാത്ത ആളുകൾ കൊട്ടാരത്തിൽ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വർമ്മ പറഞ്ഞു. സുരക്ഷ കൃത്യമായി പ്രവർത്തിച്ചാൽ തിരുവാഭരണം സുരക്ഷിതമായി എത്തുമെന്നും സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരെ അകറ്റാൻ ഇടയാക്കില്ലെന്നും ശശികുമാര വർമ്മ വ്യക്തമാക്കിയിരുന്നു. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group