കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി ;മാർച്ച് 15 ന് വൈകിട്ട് 7 മണിക്ക് കൊടിയേറ്റും ,22 നു ദേശവിളക്കും , 23 ന് തിരുനക്കര പൂരവും 24 നു ആറാട്ടും നടക്കുമെന്ന് സംഘാടക സമതി അറിയിച്ചു
സ്വന്തം ലേഖിക
കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. മാർച്ച് 15 ന് വൈകിട്ട് 7 ന് ശ്രീ താഴ്മൺമഠം കണ്ഠരര് മോഹനര് കൊടിയേറ്റും. എട്ടാം ഉത്സവ മായ 22 ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസ മായ 23 ന് തിരുനക്കര പൂരം നടക്കും. 24 നാണ് ആറാട്ട്.
എട്ടുദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലകളി, അശ്വത്ത് നാരായണൻ & പാർട്ടിയുടെ ആറാട്ട് കച്ചേരി, ജമനീഷ് ഭാഗവതരുടെ സംഗീത കച്ചേരി, വെട്ടിക്കവല ശശികുമാർ, തുറവൂർ നാരായണപണിക്കർ, ഹരിപ്പാട് മുരുകദാസ്, ആറന്മുള ശ്രീകുമാർ, പാറപ്പാടം സജീഷ് എന്നി വരുടെ നാദസ്വര കച്ചേരി എന്നിവ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രസിദ്ധ പിന്നണി ഗായകൻ അനൂപ് ശങ്കർ, ഭീമ ബ്ലൂഡൺസ്, തൃശൂർ കലാസദൻ, കോട്ടയം ശ്രീരാഗം ഓർക്കസ്ട്ര എന്നിവരുടെ ഗാനമേളയും ഉത്സവത്തിന് കൊഴുപ്പേകും.
കൊല്ലം കെ. ആർ. പ്രസാദിന്റെ ദേവയാനം ബാലെ, ആർ.എൽ.വി. പ്രദീപ്കുമാർ, കലാക്ഷേത്രം ചിത്ര പ്രദീപ്കുമാർ എന്നിവർ നയിക്കുന്ന ശ്രീമൂകാംബിക നൃത്തകലാക്ഷേത്രത്തിന്റെ ദേവനടനം ഡാൻസ്, ആർ.എൽ.വി. അനിൽകുമാർ നയിക്കുന്ന ഭസ്മാസുരമോഹിനി നൃത്തശില്പം എന്നിവയാണ് നടക്കുക. അരങ്ങിൽ മൂന്ന് ദിവസം മേജർസെറ്റ് കഥകളി ഉണ്ടാകും. കർണ്ണശപഥം, കുചേലവത്തം, കിരാതം എന്നീ കഥകളാണ് അരങ്ങിലെത്തുക.
മാർച്ച് 23 ന് നടക്കുന്ന പുരം ദിവസം 111 കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സുപ്രസിദ്ധ ചലച്ചിത്ര താരം ജയറാമിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം, ഒറ്റപ്പാലം ഹരി, ആനിക്കാട് കൃഷ്ണകുമാർ, വെള്ളത്തുരുത്തി ശ്രീലാൽ, പുതുപ്പള്ളി അനിൽകുമാർ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം, ആറാട്ട് സദ്യ എന്നിവയാണ് ഈ വർഷത്തെ പ്രധാന പരിപാടികൾ.
തിരുനക്കര പുരത്തിന്റെ ലോഗോ പ്രകാശനം 25 ന് വെള്ളി രാവിലെ 9.30 ന് ക്ഷേത്രാങ്കണത്തിൽ സഹകരണ രജിസ്ട്രാർ വകുപ്പുമന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും. ദേവസ്വം ബോർഡ് മെമ്പർ പി. എം. തങ്കപ്പൻ ഭദ്രദീപം കൊളുത്തുന്ന ചടങ്ങിൽ ജോസ്കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം. ഫിലിപ്പ് ലോഗോ ഏറ്റുവാങ്ങും.
ടി. സി. ഗണേഷ് (പ്രസിഡന്റ്), അജയ് ടി. നായർ (സെക്രട്ടറി), പ്രൊഫ. പ്രദീപ് മന്നന്നം (വൈസ് പ്രസിഡന്റ്), ആർ. കൃഷ്ണചന്ദ്രൻ (അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഉത്സവം നടക്കുന്നത്.