
സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതോടെ ഇനി പഴയതുപോലെ ബസ് കയറ്റി വിടാനാണ് സാധ്യത. സ്റ്റാന്റ് ഇല്ലാത്തതിനാല്‍ ബസുകള്‍ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തിരുനക്കര സ്റ്റാന്റില്‍ കയറിയിരുന്ന ബസുകള്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസ് റോഡില്‍ നിര്‍ത്തിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.
ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വടക്കോട്ടു പോകുന്ന ബസുകള്‍ക്കാണ് ഇപ്പോള്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ആളെ കയറ്റാന്‍ അനുവാദം നല്കിയിരിക്കുന്നത്. അതേ സമയം നാഗമ്പടം സ്റ്റാന്റിലേക്ക് പോകുന്ന ബസുകള്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം നാഗമ്പടത്തേക്ക് പോവുകയാണ്. ഇവിടെയും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പോസ്റ്റ് ഓഫീസ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ അത് നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്കും ബാധിക്കും. അതിനാല്‍ തിരുനക്കര ബസ് സ്റ്റാന്റില്‍ പഴയതുപോലെ ബസ് കയറി ഇറങ്ങി പോകാന്‍ അനുവദിക്കുകയാവും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗം.
എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചയൊന്നും നടന്നിട്ടില്ല. നഗരസഭയും പോലീസും കളക്ടരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തിരുമാനമുണ്ടാക്കേണ്ടത്. നഗരത്തിലെ കുരുക്കഴിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് കയറ്റി വിടാനാണ് തീരുമാനമെങ്കില്‍ സ്റ്റാന്റിലെ മുന്‍കടക്കാര്‍ക്ക് താല്‍ക്കാലിക കടമുറികള്‍ അനുവദിക്കുകയും ചെയ്യാം. ഇക്കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ വ്യാപാരികള്‍ക്ക് നഗരസഭ ഉറപ്പു നല്കിയിട്ടുള്ളതാണ്. നഗരസഭ നല്കിയ ഉറപ്പു പാലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ജില്ലാ കളക്ടര്‍ക്കും നഗരസഭാ ചെയര്‍പേഴ്‌സണും പരാതി നല്കിയിരുന്നു. നവകേരള സദസില്‍ മുഖ്യമന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ച് പരാതി നല്കിയിരുന്നു.