video
play-sharp-fill

ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിനു സമീപം പടുകൂറ്റൻ ബാർ വരുന്നു..! ഐശ്വര്യ റസിഡൻസി ബാറാക്കി മാറ്റാൻ നീക്കവുമായി മാനേജ്‌മെന്റ്; ആരാധനാലയത്തിൽ  നിന്നും പാലിക്കേണ്ട ദൂരപരിധിയിലും വെള്ളം ചേർത്തു; ക്ഷേത്ര ശ്രീകോവിലിനു സമീപം ബാർ വരുന്നതിൽ ഹിന്ദു സംഘടനകൾക്കും മൗനം

ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിനു സമീപം പടുകൂറ്റൻ ബാർ വരുന്നു..! ഐശ്വര്യ റസിഡൻസി ബാറാക്കി മാറ്റാൻ നീക്കവുമായി മാനേജ്‌മെന്റ്; ആരാധനാലയത്തിൽ നിന്നും പാലിക്കേണ്ട ദൂരപരിധിയിലും വെള്ളം ചേർത്തു; ക്ഷേത്ര ശ്രീകോവിലിനു സമീപം ബാർ വരുന്നതിൽ ഹിന്ദു സംഘടനകൾക്കും മൗനം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപത്തെ ഐശ്വര്യ ഹോട്ടലിനു ബാർ ലൈസൻസ് അനുവദിക്കാൻ നീക്കം. തിരുനക്കര മഹാദേവക്ഷേത്രത്തിനും ഭാരത് ആശുപത്രിയ്ക്കും മധ്യേയുള്ള ഐശ്വര്യ ഹോട്ടലിനു ബാർ ലൈസൻസ് അനുവദിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഭാരത് ആശുപത്രിയിലേയ്ക്കുള്ള വഴിയരികിൽ തന്നെയാണ് ഈ ഹോട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.

ക്ഷേത്രങ്ങളുടെയും ,ആശുപത്രികളുടെയും, സ്കൂളുകളുടെയും ഇരുനൂറു മീറ്റർ പരിധിയിൽ ബാറുകൾ പാടില്ലെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടത്തിൽ വെള്ളം ചേർത്ത് ഐശ്വര്യ ഹോട്ടലിനു ബാർ ലൈസൻസ് അനുവദിക്കാനാണ് നീക്കം നടത്തുന്നത്. ഈ ഹോട്ടലിനു ബാർ ലൈസൻസ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ,  നഗരത്തിലെ പ്രമുഖനായ ബ്ലേഡുകാരൻ ഇടപെട്ട് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഇല്ലാതാക്കിയെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും മീറ്ററുകൾ മാത്രം അകലെയായാണ് ഐശ്വര്യ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ തെക്കേ നടയിൽ നിന്നും തെക്കും ഗോപുരം ഭാഗത്തേയ്ക്കുള്ള റോഡിൽ  മുപ്പത് മീറ്റർ സഞ്ചരിക്കുമ്പോഴാണ് ഐശ്വര്യ ഹോട്ടലിന്റെ ഒരു കവാടം. മറ്റൊരു കവാടമാകട്ടെ ഭാരത് ആശുപത്രിയ്ക്കു മുന്നിലൂടെ ഉള്ള റോഡിലേയ്ക്കാണ് തുറക്കുന്നത്.

ഏതു വിധത്തിൽ നോക്കിയാലും തിരുനക്കര മഹാദേവക്ഷേത്രത്തിലെ മതിൽക്കെട്ടിൽ നിന്നും മുപ്പത് മീറ്ററും, ഭാരത് ആശുപത്രിയിൽ നിന്നും ഇരുപത്തഞ്ച് മീറ്ററും മാത്രമാണ് ഈ ഹോട്ടലിലേയ്ക്കുള്ള ദൂരം. എന്നാൽ, ദൂരത്തിന്റെ പരിമിതി മറികടക്കാൻ എക്‌സൈസ് വകുപ്പിലെയും സംസ്ഥാന സർക്കാരിലെയും ഉന്നതർ ഇടപെടുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഹോട്ടലിനു ഫോർ സ്റ്റാർ പദവി ലഭിക്കുന്നതിനായി തിരുനക്കരയിലെ പ്രമുഖ ബ്ലേഡ് ഇടപാടുകാരൻ വഴി കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ സമുദായ സംഘടനയിലും, ഹൈന്ദവ സംഘടനകളിലും നിർണ്ണായക സ്വാധീനമുള്ള തിരുനക്കരയിലെ ബ്ലേഡ് മാഫിയ തലവൻ തന്നെയാണ് ഇപ്പോൾ ഈ ഹോട്ടലിനു ഫോർ സ്റ്റാർ ലൈസൻസും, ബാർ ലൈസൻസും ക്രമീകരിച്ചു നൽകുന്നതിന് പിന്നിലുമെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിനു സമീപത്തു ബാർ ആരംഭിക്കുന്ന വിവരം പുറത്തറിഞ്ഞപ്പോൾ തന്നെ ഹൈന്ദവ സംഘടനകളിലെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയിരുന്നു.മുൻപ് ഭാരത് ആശുപത്രിയിൽ നേഴ്സുമാരുടെ സമരം നടന്നപ്പോൾ ,സമരത്തെ അടിച്ചൊതുക്കാൻ രംഗത്തെത്തിയത് വിവിധ ഹിന്ദു സംഘടനകൾ ആയിരുന്നു.എന്നാൽ മഹാദേവക്ഷേത്ര മുറ്റത്തിന് സമീപം ബാർ വരുന്നതിനെ ചോദ്യം ചെയ്യാൻ ഇവർക്ക് താല്പര്യമില്ല.

ക്ഷേത്രം മാത്രമല്ല, ആശുപത്രിയും പ്രവർത്തിക്കുന്ന തിരുനക്കര പരിസരത്ത് ഇത്തരത്തിൽ ബാർ ഹോട്ടലിന് ചട്ടങ്ങൾ തന്ത്രപരമായി മറികടന്ന് അനുവാദം നൽകുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതുമല്ല. ഇതിനെതിരെ പൊതു പ്രവർത്തകനായ ഏ.കെ ശ്രീകുമാർ സംസ്ഥാന സർക്കാരിന് പരാതി നൽകുന്നതിനും, ഹൈക്കോടതിയെ സമീപിക്കുന്നതിനും ഒരുങ്ങുകയാണ്.