ഭക്തയല്ലാത്ത, മാവോയിസ്റ്റും സിപിഎമ്മുമായ അമ്മിണിയ്ക്ക് ശബരിമലയിൽ എന്ത് കാര്യം..! അമ്മിണി ശ്രമിക്കുന്നത് ശബരിമലയെ തകർക്കാൻ; വീട്ടിൽ വിളക്കു വെയ്ക്കുന്ന വനവാസി കുടുംബത്തിലെ അമ്മിണി എങ്ങിനെ മാവോയിസ്റ്റായി: തേർഡ് ഐ ന്യൂസ് ലൈവിനോട് തുറന്ന് പറഞ്ഞ് അമ്മിണി

ഭക്തയല്ലാത്ത, മാവോയിസ്റ്റും സിപിഎമ്മുമായ അമ്മിണിയ്ക്ക് ശബരിമലയിൽ എന്ത് കാര്യം..! അമ്മിണി ശ്രമിക്കുന്നത് ശബരിമലയെ തകർക്കാൻ; വീട്ടിൽ വിളക്കു വെയ്ക്കുന്ന വനവാസി കുടുംബത്തിലെ അമ്മിണി എങ്ങിനെ മാവോയിസ്റ്റായി: തേർഡ് ഐ ന്യൂസ് ലൈവിനോട് തുറന്ന് പറഞ്ഞ് അമ്മിണി


ശ്രീകുമാർ

കോട്ടയം: ഞാൻ മാവോയിസ്റ്റോ സിപിഎമ്മുകാരിയോ അല്ല. അയ്യപ്പ ഭക്തമാത്രമാണ്. എന്റെ വീട്ടിൽ കുടുംബക്ഷേത്രമുണ്ട്. എല്ലാ ദിവസവും വിളക്ക് കത്തിക്കുന്ന ആളുമാണ്. ഭക്തരായ എന്നെ മുഷ്ടി ചുരുട്ടി ആകാശത്തിലേയ്ക്ക് മുദ്രാവാക്യം വിളിക്കുന്ന രീതിയിൽ ശരണം വിളിച്ച് തടയാൻ നിൽക്കുന്നവർ അയ്യപ്പഭക്തരാണോ.. – ശബരിമല ദർശനത്തിനെത്തി എരുമേലിയിൽ തടയപ്പെട്ട് തിരികെ മടങ്ങിയ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും വയനാട് സ്വദേശിയുമായ അമ്മിണി തേർഡ് ന്യൂസ് ലൈവിനോട് മനസ് തുറക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലകയറാനെത്തിയ മനീതിയും, അമ്മിണിയും അടങ്ങുന്ന സംഘത്തിന് സിപിഎം ബന്ധമുണ്ടെന്നും, ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന അമ്മിണി മാവോയിസ്റ്റാണെന്നുമായിരുന്നു സംഘപരിവാർ വാട്സ് അപ്പ്് ഗ്രൂപ്പുകളിൽ അടക്കം പ്രചാരണമുണ്ടായിരുന്നത്. ഇതിനെല്ലാം അടക്കം അമ്മിണി പ്രതികരിക്കുകയാണ് ഇപ്പോൾ. അമ്മിണിയുടെ പ്രതികരണം ആദ്യമായി തേർഡ് ഐ ന്യൂസ് ലൈവിൽ.

അമ്മിണി സിപിഎമ്മാണോ മാവോയിസ്റ്റാണോ. ഭക്തയല്ലാത്ത അമ്മിണിയ്ക്ക് ശബരിമലയിൽ എന്ത് കാര്യം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിൽ ജീവിക്കുന്ന, ആദിവാസി സമൂഹത്തിൽ ജനിച്ചു വളർന്ന ആളെന്ന നിലയിൽ എന്റെ സമുദായത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കാറുണ്ട്. എന്റെ ആദിവാസി സമൂഹത്തിനായി ഞാൻ പ്രവർത്തിക്കുന്നു. കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഞങ്ങളെ ചൂഷണം ചെയ്തെന്ന് മനസിലാക്കിയതിനാൽ എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ഒരു ബന്ധവുമില്ല. എന്റെ നാട്ടിലെ പത്രക്കാരോട് ചോദിച്ചാൽ കൃത്യമായ വിവരം അറിയാം. യഥാർത്ഥത്തിൽ രാഷ്ട്രീയക്കാർ ഞങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. വീട്ടിൽ വിളക്ക് വയ്ക്കുന്ന, സ്വന്തമായി കുടുംബക്ഷേത്രമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ. വയനാട് ചീങ്ങേരി ഭഗവതി ക്ഷേത്രം എന്റെ കുടുംബക്ഷേത്രമാണ്. എന്റെ അച്ഛൻ ഈ ക്ഷേത്രത്തിലെ മൂപ്പനായിരുന്നു. ഊരാളി സമുദായത്തിന്റെ ക്ഷേത്രമാണ് ഇത്. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ തന്നെ ഇതേ ക്ഷേത്രത്തിലെ ഭക്തയുമാണ് ഞാൻ. ആദിവാസികൾക്കിയിൽ പ്രവർത്തിക്കുന്നതിനാൽ എനിക്ക് ഇന്റർനാഷണൽ തലത്തിലുള്ള വിവിധ സംഘടനകളുമായി ബന്ധമുണ്ട്.

പിന്നെ എന്തിന് ശബരിമലയിലേയ്ക്ക് വന്നു..?

ആചാരങ്ങൾ സൃഷ്ടിച്ചതും ആചാരങ്ങൾ പിൻതുടരുന്നതും സവർണ വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളുടെ ആചാരങ്ങളാണ് ശബരിമല ക്ഷേത്രത്തെ ആദിവാസി വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്തത്. ശബരിമല ക്ഷേത്രത്തിൽ പണ്ട് കാലത്ത് ഇവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗങ്ങളെ പുറത്താക്കിയ ശേഷം ക്ഷേത്രവും പതിനെട്ടാം പടിയും അടക്കം സ്വർണം പൂശി സാധാരണക്കാരിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണ്. ആദിവാസികൾക്ക് അവകാശപ്പെട്ട ക്ഷേത്രമാണ് ഇത്തരത്തിൽ ബ്രാഹ്മണൻമാരും നായന്മാരും ചേർന്ന് തട്ടിയെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ക്ഷേത്രം തിരികെ ആദിവാസികൾക്ക് ലഭിക്കാതിരിക്കാനാണ് ഇപ്പോൾ ഇത്തരം വിവാദങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമലയിൽ സമരം നടത്തുന്ന സംഘപരിവാറാണ് ഇപ്പോൾ ക്ഷേത്രത്തെ തകർക്കാൻ ശ്രമിക്കുന്നത്. ലക്ഷങ്ങൾ കടന്നു വരുന്ന ക്ഷേത്രത്തിൽ സമരം നടത്തുന്നത് വരുമാനം ഇല്ലാതാക്കാനും ക്ഷേത്രത്തെ ഇല്ലാതാക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്.

ശബരിമലയിലേയ്ക്കുള്ള യാത്ര എങ്ങിനെയായിരുന്നു; പ്രതിഷേധം പൊലീസിൽ നിന്നും ചോർന്നു

ശബരിമലയിലേയ്ക്കുള്ള യാത്ര ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത് കോട്ടയത്ത് എത്തിയ ശേഷം മനീതി സംഘവുമായി ഒത്തു ചേർന്ന് യാത്ര ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, തമിഴ്നാട്ടിൽ നിന്നുള്ള സംഘത്തെയും കേരളത്തിലെ സംഘത്തെ ഒന്നായി കൊണ്ടു പോകാൻ പൊലീസ് തയ്യാറായില്ല. പൊലീസാണ് ഈ റൂട്ട് മാറ്റി വിട്ടത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ സംഘപരിവാർ പ്രതിഷേധമുണ്ടാകും എന്ന പറഞ്ഞാണ് പൊലീസ് റൂട്ട് മാറ്റി വിട്ടത്. ഇത്തരത്തിൽ പല രീതിയിൽ പോയത് കൊണ്ടു മാത്രമാണ് ഞങ്ങൾക്ക് ഒന്നിച്ച് ചേർന്ന് സന്നിധാനത്തേയ്ക്ക് എത്താൻ സാധിക്കാതെ പോയത്. പൊലീസാണ് ഞങ്ങളുടെ യാത്രയും പദ്ധതിയും പൊളിച്ചത്.
സന്നിധാനത്ത് എത്തി അയ്യപ്പനെ ദർശിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അയ്യപ്പ സ്വാമിയെ തൊഴുത് ഇറങ്ങാൻ ആഗ്രഹിച്ചിരുന്ന ഞങ്ങൾക്ക് കാണേണ്ടി വന്നത് വൻ പ്രതിഷേധവും സംഘർഷവുമാണ്. ഇത്തരത്തിൽ സംഘർഷമയമായ അന്തരീക്ഷത്തിൽ ശബരിമല ദർശനം നടത്താൻ ആഗ്രഹമില്ലാത്തതിനാലാണ് ഞങ്ങൾ മടങ്ങാൻ തയ്യാറായത്.

ബിജെപി നേതാവിന്റെ ഭാര്യ സമരത്തിലുണ്ടോ..?

അടിയും തല്ലും എല്ലാം കൊള്ളാൻ സാധാരണക്കാരായ പ്രവർത്തകരാണ് വേണ്ടത്. ശബരിമലയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്യാൻ തയ്യാറായി പോലും എത്തുന്നത് ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗക്കാരുമാണ്. ആത്മഹത്യ ചെയ്യാൻ തയ്യാറായി ഏതെങ്കിലും സവർണ്ണൻ വരുന്നുണ്ടോ. പ്രശ്നങ്ങളുണ്ടാകുന്നതും കേസിൽ കുടുങ്ങുന്നതും എന്നും ആദിവാസികളും പിന്നോക്കക്കാരുമാണ്. ശബരിമലയിൽ എത്തി പ്രശ്നമുണ്ടാക്കുന്നത് സംഘപരിവാറുകാർ തന്നെയാണ്. വീണ്ടും എത്തും, കോടതി ഉത്തരവോടെ ശബരിമലയിൽ കയറുന്നതിനായി കോടതി ഉത്തരവ് നേടിയെടുക്കുന്ന കാര്യം പരിഗണിക്കും. ഇതിനായി മനീതി സംഘത്തിന്റെ സഹായത്തോടെ കോടതിയെ സമീപിക്കും. വീണ്ടും എത്തിയാൽ പൊലീസ് സംരക്ഷണം നൽകാമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഉറപ്പ് നൽകിയിട്ടുണ്ട്. പൊലീസിൽ നിന്നും തന്നെ വിവരങ്ങൾ ചോരുന്നുണ്ടോ എന്ന സംശയവും എസ്.പിയെ അറിയിച്ചിട്ടുണ്ട്