
സ്വന്തം ലേഖകൻ
മുംബൈ: മോഷ്ടിക്കാന്‍ കയറിയ വീട് പ്രശസ്ത സാഹിത്യകാരന്റേതാണെന്ന് മനസിലായതിനെത്തുടര്‍ന്ന് മോഷ്ടിച്ച സാധനങ്ങള്‍ മുഴുവന്‍ തിരികെ നല്‍കി മാപ്പു അപേക്ഷിച്ചുള്ള കുറിപ്പും എഴുതിവെച്ച് കള്ളന്‍ സ്ഥലം വിട്ടു. മഹാരാഷ്ട്രയിലാണ് സംഭവം. അന്തരിച്ച പ്രശസ്ത മറാഠി എഴുത്തുകാരന്‍ നാരായണന്‍ സര്‍വെയുടെ വീട്ടിലാണ് കള്ളന്‍ കയറിയത്. അദ്ദേഹത്തിന്റെ മകള്‍ സുജാതയും ഗണേഷ് ഘാരെയുമാണ് നിലവില്‍ ഇവിടെ താമസിക്കുന്നത്.
ഇവര്‍ മകന്‍റെ വീട്ടില്‍ പോയതിനാല്‍ പത്ത് ദിവസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഈ സമയത്താണ് എല്‍ഇഡി ടിവി ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത്. വീട് ദിവസങ്ങളായി പൂട്ടിക്കിടക്കുന്നത് മനസിലായതിനാല്‍ രണ്ടാമത്തെ ദിവസവും മോഷ്ടിക്കാനെത്തിയപ്പോഴാണ് ഒരു മുറിയില്‍ സര്‍വെയുടെ ഫോട്ടോ കള്ളന്‍ കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താന്‍ മോഷ്ടിച്ചത് പ്രശസ്ത സാഹിത്യകാരന്‍റെ വീട്ടിലെ വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞ കള്ളന്‍ പശ്ചാത്താപത്താല്‍ മോഷ്ടിച്ച വസ്തുക്കള്‍ തിരികെ കൊണ്ടുവന്നുവെച്ചു. ഇത്രയും വലിയ സാഹിത്യകാരന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതിന് വീട്ടുടമയോട് ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും മോഷ്ടാവ് ചുമരില്‍ ഒട്ടിച്ചു വെച്ചു. വീട്ടിലെ താമസക്കാര്‍ തിരികെ എത്തിയപ്പോഴാണ് കള്ളന്‍റെ കുറിപ്പ് ശ്രദ്ധയില്‍പ്പെടുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും.