നാല് വർഷത്തിനുള്ളിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നൂറിലധികം മോഷണക്കേസുകൾ; മോഷണമുതലുമായി ഇതരസംസ്ഥാനങ്ങളിലേക്കു കടന്ന് ധൂർത്ത് ജീവിതം; കോട്ടയം തിരുവാർപ്പ് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊല്ലം: കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നൂറിലധികം മോഷണക്കേസുകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.
കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കിളിരൂർക്കര പത്തിൽവീട്ടിൽ അജയന് (49, തിരുവാർപ്പ് അജി) ആണ് അറസ്റ്റിലായത്.
തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണമുതലുമായി ഇതരസംസ്ഥാനങ്ങളിലേക്കു കടന്ന് ധൂർത്ത് ജീവിതമാണ് നയിക്കുന്നത്. പണം തീരുമ്പോൾ തിരികെ എത്തി വീണ്ടും മോഷണം നടത്തും. നിരവധി മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ 20 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച് നാലുവർഷം മുമ്പാണ് ജയിൽ മോചിതനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുശേഷമാണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. ഇതോടെ ഈ ജില്ലകളില്‍ നിരവധി കേസുകൾക്ക് തുമ്പുണ്ടായി.
സ്കൂളുകളൾ, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറിക്കട, ബേക്കറി എന്നിവിടങ്ങളാണ് പ്രതി പ്രധാനമായും മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷന് പരിധികളിൽ ബുധനാഴ്ച ദിവസങ്ങളില്‍ ആവർത്തിച്ച സമാന സ്വഭാവമുളള മോഷണങ്ങളെ തുടർന്ന് ഇയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷണത്തിനു വേണ്ടി നഗരത്തിലെത്തിയ അജയനെ ചിന്നക്കടയിൽ നിന്ന് പിടികൂടിയത്.