ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും സാംസ്‌കാരിക തനിമയ്ക്ക് വിരുദ്ധവുമായ പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുത് : ഹൈക്കോടതി

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും സാംസ്‌കാരിക തനിമയ്ക്ക് വിരുദ്ധവുമായ പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുത് : ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി : തൃശൂർ തേക്കിൻകാട് മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അത്തരം പരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് തൃശൂർ കോർപ്പറേഷനോടും കോടതി നിർദേശിച്ചു.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പാലിക്കണമെന്നും ജസ്റ്റിസുമാരായ സി ടി രവികുമാർ, എൻ നഗരേഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തൃശൂർ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് നടത്തുന്നതെന്ന് കോടതിയിൽ അറിയിച്ചതിന് വിരുദ്ധമായി ചലച്ചിത്രനടിയുടെ നൃത്തപരിപാടിയും ഗാനമേളയും ഉൾപ്പെടെ നടത്തിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ചിത്രങ്ങളും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിൽ പരിപാടികൾ സംഘടിപ്പിക്കാവുന്ന ഇടങ്ങളും നടത്താവുന്ന പരിപാടികളും നിർദേശിച്ച് 2003 ൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവെച്ചിരുന്നു.കോടതി ഉത്തരവിന് വിരുദ്ധമായ പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ അധികൃതരുടെ അനുമതിയോടെ നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് തൃശുർ സ്വദേശി കെ ബി സുമോദ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സംസ്‌കാരത്തിന് ചേരാത്ത പരിപാടികൾ മേളയുടെ ഭാഗമായി നടന്നെന്ന ഹർജിക്കാരന്റെ വാദം പാറമേക്കാവ് ദേവസ്വവും ശരിവെച്ചു. ഇതുൾപ്പെടെ വിലയിരുത്തിയാണ് കോടതിയുടെ നിർദേശം. റോഡിൽ ഇത്തരം പരിപാടികൾ നടത്താൻ കോർപ്പറേഷന് ആര് അധികാരം നൽകിയെന്ന് കോടതി ആരാഞ്ഞു.ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കോടതിയുടെ മുൻ ഉത്തരവിനു വിരുദ്ധമായി പരിപാടികൾ നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ നേരിട്ട് അറിയിക്കാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണം.

ഈ മാസം 25 ന് ദേവസ്വം ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായി വിവരങ്ങൾ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയായിരുന്നു നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.

Tags :