
തേജസ്സ് എക്‌സ്പ്രസ്സ് വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് 1.62 ലക്ഷം രൂപ
സ്വന്തം ലേഖിക
ലഖ്‌നൗ : തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടിയതിന് യാത്രക്കാർക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. രണ്ട് മണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു മണിക്കൂർ വൈകിയെത്തിയാൽ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാൽ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആർ.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ ട്രെയിൻ വൈകിയതിനെ തുടർന്ന് മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരംനൽകേണ്ടി വരുന്നത്.
ഒക്ടോബർ 19ന് തേജസ് എക്‌സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകിയിരുന്നു. ലഖ്‌നൗവിൽ നിന്ന് 6.10ന് പുറപ്പെടേണ്ട ട്രെയിൻ 8.55 നാണ് പുറപ്പെട്ടത്. 12.25ന് ഡൽഹിയിൽ എത്തേണ്ട ട്രെയിൻ 3.40നാണ് എത്തിച്ചേർന്നത്. തിരിച്ച് 5.30നാണ് ട്രെയിൻ ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ടത്. 3.35 ആയിരുന്നു യഥാർത്ഥ സമയം. ലഖ്‌നൗവിൽ രാത്രി 10.05ന്എത്തിച്ചേരേണ്ടതിന് പകരം 11.30 ഓടെയാണ് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് 451 യാത്രക്കാരും ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് 500 ഓളം യാത്രക്കാരുമാണ് ശനിയാഴ്ച തേജസ് എക്‌സ്പ്രസിൽ സഞ്ചരിച്ചിരുന്നത്. നഷ്ടപരിഹാരം ലഭിക്കാനായി പി.എൻ.ആർ. നമ്പറും ബാങ്ക് അക്കൗണ്ട് വിവരവും എത്രമണിക്കൂർ വൈകി എന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇൻഷുറൻസ് കമ്ബനിക്ക് സമർപ്പിക്കണം. ഓൺലൈനിൽ ലഭ്യമായ ഫോമിലാണ് ഇവ നൽകേണ്ടത്. ഇതനുസരിച്ച് ഇൻഷുറൻസ് കമ്പനിയായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് ഐ.ആർ.സി.ടി.സി. വ്യക്തമാക്കി.