പ്രതികൾ അന്യസംസ്ഥാന സംഘം തന്നെയെന്ന് സൂചന: നഗരത്തിലെ സിസിടിവി ക്യാമറകൾ അരിച്ചു പെറുക്കി പൊലീസ്; അന്വേഷണം വ്യാപകം

പ്രതികൾ അന്യസംസ്ഥാന സംഘം തന്നെയെന്ന് സൂചന: നഗരത്തിലെ സിസിടിവി ക്യാമറകൾ അരിച്ചു പെറുക്കി പൊലീസ്; അന്വേഷണം വ്യാപകം

ക്രൈം ഡെസ്‌ക്
കോട്ടയം: നഗരത്തിലെ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടത്തിയത് ഇതര സംസ്ഥാന സംഘമെന്ന് വ്യക്തമായ സൂചന.
ഷട്ടർ തിക്കിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന്റെ ശരീരഭാഷ സൂചിപ്പിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളി തന്നെയെന്നാണ്. കൂസലില്ലാതെ, വളരെ കൂളായി ഓക്‌സിജൻ സ്ഥാപനത്തിനുള്ളിൽ കയറുന്ന മോഷ്ടാവിന്റേത് കൃത്യമായ ആസൂത്രണമാണെന്നും വ്യക്തമായിട്ടുണ്ട്.
ദിവസങ്ങളോളം ആസൂത്രണം നടത്തിയ ശേഷവും, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിനെ കൃത്യമായി പഠിച്ച ശേഷവുമാണ് പ്രതികൾ മോഷണത്തിന് പദ്ധതി തയ്യാറാക്കിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
പ്രഫഷണലായ രീതിയിൽ, അരമണിക്കൂർ കൊണ്ട് 84 മൊബൈൽ ഫോൺ കവർ പൊട്ടിച്ച് ചാക്കിലാക്കിയ രീതി തന്നെ ഏറെ അമ്പരപ്പിക്കുന്നതാണ്.
മൊബൈൽ ഫോൺ ഷോപ്പുകളിൽ ജോലി ചെയ്തിരിരുന്നവർക്ക് മാത്രമാണ് ഇത്ര കൃത്യമായി ഫോൺ കവറിനുള്ളിൽ നിന്നും ഫോ്ൺ പുറത്തെടുക്കാൻ സാധിക്കൂ. പ്രതികൾ മൊബൈൽ ഫോണിന്റെ കവറുകൾ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.
ഇയർ ഫോണും, ചാർജറും മറ്റു സാധനങ്ങളും തൊട്ടതു പോലുമില്ലെന്നും വ്യക്തമായിട്ടുണ്ട്.
ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ ഷട്ടറിന്റെ മധ്യഭാഗത്ത് പൂട്ടില്ലെന്നു മനസിലാക്കി പ്രതികൾ.
ഷട്ടർ തുറന്ന് കയറുമ്പോൾ കാണുന്ന വാതിലിനും ചില്ലില്ലെന്ന് ഇവർ കണ്ടെത്തി. നഗരത്തിൽ തിരക്ക് ആരംഭിക്കുന്ന സമയത്ത് തന്നെ മോഷണം നടത്താനും നിശചയിക്കുകയായിരുന്നു.