രാത്രി മുഴുവൻ കറങ്ങി നടക്കും: പകൽ ആളില്ലാത്ത വീട്ടിൽ കയറും; ജനലും വാതിലും പൊളിക്കാൻ മിടുക്കൻ: എത് വണ്ടിയും ഓടിക്കും ഏത് വീട്ടിലും കയറും; ഇവൻ ഈരാറ്റുപേട്ടക്കാരൻ കള്ളൻ
ക്രൈം ഡെസ്ക്
കോട്ടയം: കുമാരനല്ലൂരിൽ നഗരസഭ കൗൺസിലറുടെ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കള്ളനെ തേടിയെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കഥകൾ. കുമാരനല്ലൂരിന്റെ തുമ്പ് പിടിച്ച് ഈരാറ്റുപേട്ട വഴി നടന്നെത്തിയ പോലീസ് കണ്ടത് കേരളത്തെ പിടിച്ചു കുലുക്കുന്ന പെരുങ്കള്ളനെയാണ്. കോട്ടയം നഗരസഭ അംഗമായ അഡ്വ.ജയകുമാറിന്റെ കുമാരനല്ലൂരിലെ വീട്ടിൽ കയറി നാല് മാസം മുൻപ് മോഷണം നടത്തിയ കേസിലാണ്
ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെ(40) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ.ജോസഫ് അറസ്റ്റ് ചെയ്തത്.
പ്രദേശത്തു നിന്നു ലഭിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളും, സംഭവം നടന്ന ദിവസം പ്രദേശത്തെ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്ന ആയിരത്തോളം മൊബൈൽ ഫോൺ നമ്പറുകളും, നൂറിലേറെ ഐഎംഇഐ നമ്പറുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സ്ഥിരമായ ഒരിടത്തും നിൽക്കാത്ത, കേരളമൊട്ടാകെ കറങ്ങി നടന്ന് മോഷണം നടത്തുന്ന മുഹമ്മദ് ഫൈസലിനെ കണ്ടെത്തുക എന്നത് പോലീസിനെ സംബന്ധിച്ച് ശ്രമകരമായ ജോലിയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിടത്തു മോഷണം നടത്തിയാൽ , അന്വേഷണം ഒന്നടങ്ങും വരെ കയ്യിലിരിക്കുന്ന സ്വർണവും തൊണ്ടി സാധനങ്ങളും മുഹമ്മദ് ഫൈസൽ പുറത്തു എടുക്കാറില്ല. പരമാവധി പണം മോഷ്ടിക്കുകയും ഇത് ചിലവാക്കി തീർക്കുകയുമാണ് , ഫൈസലിന്റെ രീതി. സ്വർണ്ണവും തൊണ്ടിമുതലും രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചുവെക്കുന്നതിനാൽ പോലീസ് ഈ വഴി പിടിച്ച അന്വേഷിച്ചാലും പ്രതിയിലേക്ക് എത്താറില്ല. ഇതുതന്നെയാണ് ഇതുവരെയും കേസുകളിൽ നിന്ന് ഫൈസലിനെ രക്ഷിച്ചിരുന്നതും. എന്നാൽ ജില്ലാ പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണ രീതികൾ പ്രതിയെ കുടുക്കുകയായിരുന്നു.
എസ് പി പി എസ് സാബു , ഡിവൈഎസ്പി ആർ.ശ്രീകുമാർ , വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ്,
ഗ്രേഡ് എസ്.ഐ ടി.കെ സജിമോൻ, എ.എസ്.ഐ സജി എം.പി, സിവിൽ പൊലീസ് ഓഫിസർ വി.കെ അനീഷ്, സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ ഷിബുക്കുട്ടൻ , എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു, ശ്യാം എസ്.നായർ, ഡിവൈ.എസ്.പി ഓഫിസിലെ നാസർ പി.എം എന്നിവരുടെ നേതൃത്വത്തിൽ വിശ്രമമില്ലാതെ നാലു മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊണ്ടിമുതൽ സഹിതം പ്രതിയെ കുടുക്കിയത്.
രാത്രിയിൽ മാത്രം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തുന്ന പ്രതി ഭാര്യയെയും മകനെയും കണ്ട ശേഷം മടങ്ങുകയായിരുന്നു. ബൈക്കിലും, ബസിലും, കാറിലുമായി ആളൊഴിഞ്ഞ പ്രദേശങ്ങളിൽ എത്തുന്ന പ്രതി, ആളില്ലാത്ത വീടുകൾ തപ്പി കണ്ടെത്തി. ആദ്യം വീടിന്റെ മുന്നിൽ എത്തി കോളിംങ് ബെൽ മുഴക്കും. കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് ആരെങ്കിലും പുറത്തെത്തിയാൽ സമീപത്തെ ഏതെങ്കിലും വീടിന്റെ വിലാസം ചോദിച്ച് രക്ഷപ്പെടും.
കോളിംങ് ബെൽ മുഴക്കുമ്പോൾ ആരും പുറത്ത് വരുന്നില്ലെന്നും കണ്ടാലാണ് മോഷണം നടത്തുന്നത്. കോളിംഗ് മുഴക്കി വീട്ടിലും പരിസരത്തും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ആണ് പ്രതി ഉള്ളിൽ കടക്കുന്നത്. വാതിലുകളും ജനലുകളും തകർക്കുന്നതിന് ഒരു പ്രത്യേക വിരുത് തന്നെ പ്രതിക്കുണ്ട്. വീടിന്റെ പിന്നിലെ വാതിലോ, ജനലോ തകർത്താണ് ഇവർ ഉള്ളിൽ കയറിയിരുന്നത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറിലേറെ കേസുകൾ ഇയാളുടെ പേരിലുണ്ട്. കോട്ടയം വെസ്റ്റ് ഗാന്ധിനഗർ ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും ഇയാൾ പ്രതിയായ മോഷണ കേസുകൾ ഉണ്ട്.