
സ്വന്തം ലേഖകൻ
എടപ്പാൾ: മലപ്പുറം തിയേറ്റർ പീഡനക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എടപ്പാൾ ഗോവിന്ദ തിയേറ്റർ ഉടമ സജീഷാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് ഇയാൾക്കുമേലുള്ള ആരോപണം. ചോദ്യം ചെയ്യാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സജീഷിനെ അൽപ്പസമയത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കും. തിയേറ്ററിലെ സി.സി.ടി.വിയിലാണ് പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. മുതിർന്ന സ്ത്രീയ്‌ക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒപ്പമിരുന്ന സ്ത്രീയുടെ ഒത്താശയോടെയാണ് സംഭവം നടന്നതെന്നും, എന്നാൽ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിന് മുൻപ് ഇയാൾ സ്ത്രീയെയും കൈവെയ്ക്കുന്നുണ്ട്. തിയേറ്റർ ഉടമകൾ ഈ ദൃശ്യങ്ങൾ ചൈൽഡ്‌ലൈനെ ഏൽപിച്ചു. ദൃശ്യങ്ങൾ സഹിതം പോലീസിനെ വിശദാംശങ്ങൾ ധരിപ്പിച്ച് പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. പിന്നീട് സംഭവം വിവാദമായതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്. മെയ്തീൻ കുട്ടിയെന്ന പ്രതിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.