മദ്യവും സംശയരോഗവും: വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു

മദ്യവും സംശയരോഗവും: വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ

എരുമേലി: സംശയരോഗിയായ വയോധികൻ മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊന്നു. എരുമേലി മഞ്ഞളരുവി ഈറ്റത്തോട്ടത്തിൽ തങ്കമ്മയെ(65)യാണ് ഭർത്താവ് കുമാരൻ(73) വെട്ടിക്കൊന്നത്. ഇതുവരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കൊലപാതകവും, അക്രമവും ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.
ജൂൺ നാല് തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനു ഭാര്യയെ വർഷങ്ങളായി സംശയമുണ്ടായിരുന്നു. ഇവർക്കു മൂന്നു മക്കളാണ് ഉള്ളത്. മൂന്നു പേരും പെൺകുട്ടികളായിരുന്നു. ഇവർ മറ്റു വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി കിടക്കും മുൻപ് ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായത്. ഭക്ഷണ പാത്രം തട്ടിയെറിഞ്ഞ ശേഷം പുറത്തേയ്ക്കു പോയ കുമാരൻ രാത്രി വൈകി നന്നായി മദ്യപിച്ച ശേഷമാണ് വീട്ടിലെത്തിയത്.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയുമായി മുറിയ്ക്കുള്ളിലെത്തി തങ്കമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. രാത്രിയിൽ വീട്ടിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന തങ്കമ്മയെ കണ്ടത്. തുടർന്നു ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം എത്തിയപ്പോൾ തെങ്ങുകയറ്റത്തിനു ഉപയോഗിക്കുന്ന വാക്കത്തിയുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പ്രതി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.