
വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി യുവതി; തൊടുപുഴയിൽ ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടു നിന്ന മരക്കൊമ്പ് മുഖത്തടിച്ചു; വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായി യുവതിയുടെ പരാതി
സ്വന്തം ലേഖകൻ
തൊടുപുഴ: പൊതുവരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം അപകടങ്ങൾ തുടർക്കഥയാകുന്നു. മരക്കൊമ്പായും, കുഴിയായും , കഴുത്തിൽ കുരുക്കായും പൊതുമരാമത്ത് വകുപ്പിന്റെ അശ്രദ്ധ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നു. തൊടുപുഴയിൽ ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടു നിന്ന മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കണ്ണിന് പരിക്ക്.
കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായാണ് കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നെടുങ്കണ്ടം പൊലീസിൽ നിഷ പരാതി നൽകി.
നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷ (31)യുടെ കാഴ്ചയാണു ഭാഗികമായി നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നിഷ ജോലിക്കു പോകുന്നതിനിടെ 13ാം തീയതിയാണ് അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലാറ്റിൽ നിന്നു കട്ടപ്പനയിലേക്കു പോകുമ്പോൾ എഴുകുംവയലിനു സമീപമാണ് അപകടം. നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നീണ്ടു നിന്ന മരക്കൊമ്പ് മഖത്ത് അടിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും പരിക്കു ഗുരുതരമായതിനാൽ തേനിയിലെ ആശുപത്രിയിലേക്കു മാറ്റി.
തേനിയിലും സൗകര്യമില്ലാതിരുന്നതിനാൽ മധുരയിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇരു കണ്ണുകളുടേയും കാഴ്ചയിൽ ഭാഗിക തകരാറുകൾ കണ്ടെത്തിയത്. കണ്ണിലേക്കുള്ള ഞരമ്പുകൾക്കേറ്റ പരിക്കാണു കാഴ്ച കുറയാൻ കാരണം. കണ്ണിന് ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണിപ്പോൾ നിഷ.