play-sharp-fill
കോട്ടയത്തിൻ്റെ ആസ്ഥാന ഭക്ഷണമായ  പോത്തിറച്ചിയുടെ  വില നിയന്ത്രിക്കണം;  കിലോയ്ക്ക് വില 320 രൂപയാക്കാൻ ജില്ലാ പഞ്ചായത്ത്

കോട്ടയത്തിൻ്റെ ആസ്ഥാന ഭക്ഷണമായ പോത്തിറച്ചിയുടെ വില നിയന്ത്രിക്കണം; കിലോയ്ക്ക് വില 320 രൂപയാക്കാൻ ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ

കോട്ടയം:ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ബീഫ്‌ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു കോട്ടയത്തുകാര്‍. എന്നാല്‍, കുതിച്ചുയരുന്ന വില ഈ ആഗ്രഹത്തിനു വിലങ്ങു തടിയായിരുന്നു.

ഒടുവില്‍ നാനൂറിലേക്കടുത്ത പോത്തിറച്ചി വിലയ്‌ക്കു കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ്‌ ജില്ലാ പഞ്ചായത്ത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തിറച്ചിയുടെ വില ജില്ലയിലൊട്ടാകെ 320 രൂപയായി ഏകീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാപഞ്ചായത്ത്‌ കമ്മറ്റിയില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിന്‌ കത്ത്‌ കൈമാറാനും തീരുമാനമായി.

ജില്ലയിലെ മുഴുവന്‍ തദ്ദേശസ്‌ഥാപനങ്ങളിലും പോത്തിറച്ചിക്കു വില 320 രൂപയായി ഏകീകരിക്കണമെന്ന്‌ നിര്‍ദേശിച്ചുള്ള കത്തും ഉടന്‍ കൈമാറാനും യോഗം തീരുമാനിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ പോത്തിറച്ചിയുടെ വില 340 രൂപയായി ഏകീകരിച്ചിരുന്നു.

സമീപ പഞ്ചായത്തുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതിനു പിന്നാലെയാണു ജില്ലയില്‍ എല്ലായിടത്തും ഒരേ വിലയാക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്തും ഇടപെടുന്നത്‌.
സംസ്‌ഥാനമൊട്ടാകെ ഒരേ വിലയെന്ന തരത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടത്തുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മല ജിമ്മി അറിയിച്ചു.
പോത്തിറച്ചി വില രണ്ടു വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിരുന്നു.

ചിലയിടങ്ങളില്‍ വില 390 രൂപ വരെയെത്തുകയും ചെയ്‌തിരുന്നു.പോത്തിറിച്ചിയുടെ വില കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു പെരുവ സ്വദേശിയായ റിട്ട.അധ്യാപകന്‍ കളരിക്കല്‍ കെ.വി. ജോര്‍ജ്‌ മാസങ്ങള്‍ക്കു മുൻപ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു.

ഈ പരാതിയും ഇതോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ കത്തും ഉള്‍പ്പെടെ മുഖ്യമന്ത്രി, തദ്ദേശ, മൃഗസംരക്ഷണ മന്ത്രിമാര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബീഫിന്‌ വില ഏകീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ക്ക്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉത്തരവ്‌ നല്‍കിയിരുന്നു.

എന്നാല്‍ ഒരു പഞ്ചായത്തും ഉത്തരവ്‌ നടപ്പിലാക്കിയിരുന്നില്ല.
ഇതിനിടെയാണ്‌ മാഞ്ഞൂര്‍ പഞ്ചായത്ത്‌ കശാപ്പ്‌ നടത്തുന്നവരുടെ യോഗം വിളിച്ചു പോത്തിറച്ചിയുടെ വില 340 ആക്കാന്‍ നിര്‍ദേശം നല്‍കിയത്‌. കച്ചവടക്കാര്‍ വില 340 ആയി കുറയ്‌ക്കാന്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും പഞ്ചായത്ത്‌ ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ലാത്ത നടപടി സ്വീകരിച്ചതോടെ വഴങ്ങുകയായിരുന്നു.