തേർഡ് ഐ ഡെസ്‌ക്
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാക്കി കാർ മോഷണം. വീടിനുള്ളിൽ പ്രതികൾ തിരച്ചിൽ നടത്തിയത് വ്യക്തമാണെങ്കിലും കാർ മോഷണം പോയതാണ് ദുരൂഹമായി നിലനിൽക്കുന്നത്. കാറുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ഇടപാടുകൾ കൊലപാതകത്തിനു പിന്നിലുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. ഇതുകൂടാതെ ഇരുവരുമായി ബന്ധമുള്ള, വീടുമായി അടുപ്പമുള്ള ആരോ തന്നെയാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ അബ്ദുൾ സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീടിനുള്ളിൽ വച്ച് ക്രൂരമായി ആക്രമിച്ചത്. സംഭവത്തിനു പിന്നിൽ ദുരൂഹത ഇരട്ടിയാക്കുന്ന നിരവധി ഘടകങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ ഒന്നാമത്തേത് വാതിൽ തുറക്കാൻ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നതാണ്. വീടിന്റെ മുന്നിലെ വാതിലോ പിന്നിലെ വാതിലോ ബലം പ്രയോഗിച്ച് തുറന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവം അറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുമ്പോൾ വീടിന്റെ വാതിൽ പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അകത്തുള്ള ഓടാമ്പൽ ഇട്ടിരിക്കുകയായിരുന്നു.
ഇത് കൂടാതെ മൃതദേഹം കിടന്ന സ്വീകരണ മുറിയിൽ ഒരു കുപ്പി ഗ്ലാസ് പൊട്ടിക്കിടക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ അതിഥികൾ ആരെങ്കിലും എത്തിയപ്പോൾ ഗ്ലാസിൽ വെള്ളമോ ചായയോ ഷീബ എടുത്തു കൊണ്ടു വന്നപ്പോഴാകാം അക്രമി തലയ്ക്കടിച്ചതെന്നും ഇത് സൂചിപ്പിക്കുന്നു. വീടിനുള്ളിൽ പ്രതികൾ അരിച്ചു പെറുക്കിയതിന്റെ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പണമോ മറ്റോ പോയതായി കണ്ടെത്താനും സാധിച്ചിട്ടില്ല.
വീടുമായി അടുപ്പമുള്ള ആരോ ഇവിടേയ്ക്കു എത്തുകയും, ഷീബയോ ,സാലിയോ വാതിൽ തുറന്നു നൽകുകയും പ്രതി ഉള്ളിൽ പ്രവേശിച്ചതായുമാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. സാലിയെ ചികിത്സിയ്ക്കുന്ന ഡോക്ടർമാരുമായി അന്വേഷണ സംഘം സംസാരിക്കും. തുടർന്നാവും പരിക്ക് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ ചിത്രം ലഭിക്കുക.
രാവിലെ എട്ടു മണിയോടെ ശാസ്ത്രീയ പരിശോധനാ സംഘവും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തും.