താഴത്തങ്ങാടിയിൽ ആവേശം തുഴയെറിഞ്ഞു; നടുഭാഗം ചുണ്ടൻ ജലരാജാവ്
സ്വന്തം ലേഖകൻ
കോട്ടയം : നെഹ്റു ട്രോഫിക്ക് ശേഷം ജെയിംസ് കുട്ടിയ്ക്ക് വീണ്ടും ജലരാജാവിന്റെ കിരീടം. താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്ന ഗെയില്‍ കോട്ടയം മത്സരവള്ളംകളിയിൽ ജെയിംസുകുട്ടി ജേക്കബ് ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്മാരായി. മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായി യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാലിനെയാണ് നടുഭാഗം പരാജയപ്പെടുത്തിയത്.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെ എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം പരാജയപ്പെടുത്തി. 5 വള്ളങ്ങള്‍ മാറ്റുരച്ച വെപ്പ് ഒന്നാം ഗ്രേഡ് മത്സരത്തില്‍ കുരകം സമുദ്രാ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറയും രണ്ടു വള്ളങ്ങള്‍ മാത്രം മത്സരിച്ച ഇരുട്ടുകുത്തി ഒന്നാം ഗ്രേഡില്‍ തിരുവാര്‍പ്പ് ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കലും 3 കളിവള്ളങ്ങള്‍ മത്സരിച്ച ചുരുളന്‍ ഒന്നാം ഗ്രേഡില്‍ കുരമകം സെന്‍ട്രല്‍ ബോട്ട് ക്ലബ്ബിന്റെ മൂഴിയും ഒന്നാമതെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെപ്പ് ബി ഗ്രേഡില്‍ പി ജി കരീപ്പുഴയും ഇരുട്ടുകുത്തി ബി ഗ്രേഡില്‍ ദാനിയേലും ഒന്നാം സ്ഥാനം നേടി. മഴയിലും ആവേശം ചോരാതെയായിരുന്നു കോട്ടയം താഴത്തങ്ങാടി മത്സരവള്ളംകളി. 4 ചുണ്ടന്‍ വള്ളങ്ങളും 15 ചെറുകളി വള്ളങ്ങളും ജലമാമാങ്കത്തില്‍ പങ്കാളികളായപ്പോള്‍ താഴത്തങ്ങാടി ആറിന് ഇരുകരെയും കാണികളുടെ ആവേശം അണപൊട്ടി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളകളിയില്‍ മാസ്ഡ്രില്ലും ജലഘോഷയാത്രയും ഒഴിവാക്കിയിരുന്നു.
പ്രളയത്തെ തുടര്‍ന്ന് മാറ്റി വച്ച വള്ളംകളിയില്‍ ചുണ്ടന്‍ വള്ളങ്ങള്‍ അടക്കമുള്ള പ്രാതിനിധ്യത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കുറവുണ്ടായെങ്കിലും കാണികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായില്ല. താഴത്തങ്ങാടി ആറിന് ഇരുകരയിലും താഴത്തങ്ങാടി പാലത്തിലും മത്സരം ആരംഭിക്കുന്നതിന് മുമ്പേ തന്നെ കാ്‌ഴ്ചക്കാര്‍ സ്ഥാനം പിടിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് മഴ ആരംഭിച്ചെങ്കിലും നാടിന്റെ ജലമാമാങ്കം കാണാന്‍ ആളുകള്‍ കാത്തു നിന്നു. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹര്‍ തായങ്കരി, യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാല്‍, എന്‍സിഡിസി ബോട്ട് ക്ലബ്് തുഴഞ്ഞ ചമ്പക്കുളം, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം എന്നിവയാണ് ചുണ്ടന്‍വള്ളങ്ങളുടെ ഗണത്തില്‍ മത്സരിച്ചത്. വെപ്പ് എ, ബി ഗ്രേഡുകളിലും ഇരുട്ടുകുത്തി എ, ബി ഗ്രേഡുകളിലും ചുരുളന്‍ വിഭാഗത്തിലുമായി 15 ചെറു കളിവള്ളങ്ങളും ജലോത്സവത്തില്‍ പങ്കെടുത്തു. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിച്ചത്. മത്സരവള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായിരുന്നു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ ബി എസ് തിരുമേനി, നഗരസഭാധ്യക്ഷ ഡോ പി ആര്‍ സോന, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന്‍, ജന കണ്‍വീനര്‍ തോമസ് വട്ടുകളം തുടങ്ങിയവര്‍ പ്രസംഗിച്ചു.