
സ്വന്തം ലേഖകൻ
മലപ്പുറം: താനൂരില്‍ അപകടമുണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി മലപ്പുറം എസ്പി സുജിത് ദാസ്. കസ്റ്റഡിയിലെടുത്ത നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ നാസറിനെ ഹാജരാക്കുമെന്ന് എസ്പി അറിയിച്ചു.
കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. കൊലപാതകക്കേസ് ആയി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും എസ്പി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ഇന്‍ലാന്‍ഡ് വെസല്‍സ് ആക്ട് അനുസരിച്ച് പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വരുന്ന കാര്യമാണ് ബോട്ടിന് ലൈസന്‍സ് കൊടുക്കുന്നതും, പരിശോധന നടത്തുന്നതും. ആ ഡിപ്പാര്‍ട്ട്‌മെന്റിനാണ് അതു നടത്താനുള്ള ഉത്തരവാദിത്തം. ചോദ്യം ചെയ്യലിനോട് നാസര്‍ സഹകരിക്കുന്നുണ്ട്.
താനൂരിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപി രൂപീകരിച്ചിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഎസ്പി കൊണ്ടോട്ടി, താനൂര്‍ ഇന്‍സ്‌പെക്ടര്‍, ഡാന്‍സാഫ് ടീം തുടങ്ങിയവര്‍ സംഘത്തിലുണ്ടാകുമെന്ന് എസ്പി സുജിത് ദാസ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. ഇതിനായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അടുത്തു തന്നെ പരിശോധിക്കും. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി തുടങ്ങിയവ ലഭിച്ചതിനെപ്പറ്റിയും അന്വേഷിക്കുമെന്ന് എസ്പി സുജിത് ദാസ് അറിയിച്ചു.