play-sharp-fill
താൻ ജീവിച്ചിരിപ്പില്ലെന്ന സത്യം പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത്; തങ്കമ്മ

താൻ ജീവിച്ചിരിപ്പില്ലെന്ന സത്യം പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത്; തങ്കമ്മ


സ്വന്തം ലേഖകൻ

പാറശ്ശാല: കാരോട് ഗ്രാമപ്പഞ്ചായത്തിലെ പുതുപുരയ്ക്കൽ വാർഡിലെ പുതുവൽക്കരക്കാട് വീട്ടിൽ തങ്കമ്മ (87), കറുക്കുടിവിള വീട്ടിൽ പാലമ്മ (78) എന്നിവരെയാണ് ജീവിച്ചിരിക്കേ കാരോട് ഗ്രാമപ്പഞ്ചായത്ത് പരേതരാക്കിയത്. ഇതോടെ അർഹതപ്പെട്ട ക്ഷേമപെൻഷൻ ഇവർക്ക് ലഭിക്കുന്നില്ല. ജീവിച്ചിരിക്കുന്നവരെ രേഖകളിൽ പരേതരാക്കി പഞ്ചായത്ത് അധികൃതർ ക്ഷേമപെൻഷനുകൾ നിഷേധിക്കാൻ തുടങ്ങി നാളേറെയായി. കഴിഞ്ഞ രണ്ടുപ്രാവശ്യവും ക്ഷേമപെൻഷൻ ഇവർക്ക് ലഭിച്ചില്ല. ഇരുപതുവർഷമായി തങ്കമ്മ വാർധക്യപെൻഷൻ വാങ്ങുന്നു. എന്നാൽ, ഇക്കഴിഞ്ഞ ഓണക്കാലത്ത് സഹകരണബാങ്ക് വഴി ലഭിക്കേണ്ട പെൻഷൻ മുടങ്ങി. ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ ലിസ്റ്റിൽ പേരില്ലെന്നും പഞ്ചായത്തിൽ അന്വേഷിക്കാനുമാണ് അറിയിച്ചത്. പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് താൻ പരേതയാണെന്ന വിവരം തങ്കമ്മ അറിയുന്നത്.

പഞ്ചായത്തിന്റെ പട്ടികയിൽ തങ്കമ്മ പരേതയാണ്. താൻ ജീവിച്ചിരിക്കുന്നുവെന്ന തെളിയിക്കേണ്ട ബാധ്യതയായി പിന്നീട്. ലൈഫ് സർട്ടിഫിക്കറ്റുകൾ ഇക്കഴിഞ്ഞ ഒക്ടോബറിൽ പഞ്ചായത്തിൽ ഹാജരാക്കി. ഡിസംബർ മുതൽ പെൻഷൻ ലഭിക്കുമെന്നായിരുന്നു പഞ്ചായത്തധികൃതരുടെ വാഗ്ദാനം. എന്നാൽ, ഡിസംബറിലും പെൻഷൻ നിഷേധിച്ചു. തുടർന്നും പഞ്ചായത്ത് ഓഫീസിലെത്തി അന്വേഷിച്ചപ്പോൾ പരേതയായിത്തന്നെയാണ് രേഖകളിലുള്ളതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വീണ്ടും ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്ത് അധികൃതരുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ് തങ്കമ്മ. സ്വന്തമായി വീടില്ലാത്ത തങ്കമ്മ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ അവസ്ഥയാണ് കറുക്കുടിവിള വീട്ടിൽ പാലമ്മയ്ക്കും. താൻ പരേതയല്ല, ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ വാർധക്യത്തിലും ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്. കാരോട് ഗ്രാമപ്പഞ്ചായത്തിലെ പുതുവൽക്കരക്കാട് വീട്ടിൽ ശ്രീകല (40)യ്ക്കും കഴിഞ്ഞ രണ്ട് തവണയായി വിധവാപെൻഷൻ നിഷേധിക്കുകയാണ്. പന്ത്രണ്ട് വർഷക്കാലമായി വിധവാപെൻഷൻ വാങ്ങിയിരുന്ന ശ്രീകലയും പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ്. പരാതി നൽകിയെങ്കിലും തടഞ്ഞുവച്ചിരിക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. തെറ്റ് ബാങ്കിന്റേത് പൊൻവിള സഹകരണ ബാങ്ക് വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ബാങ്ക് നൽകിയിട്ടുള്ള റിപ്പോർട്ട് പ്രകാരമാണ് പെൻഷൻ തടഞ്ഞിട്ടുള്ളത്. കുറച്ച് പേർക്കായി പെൻഷൻ തടഞ്ഞുവയ്ക്കാൻ പഞ്ചായത്തിന് കഴിയില്ല.