ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; അല്ലാഹുവിന് സാത്താന്റെ സ്വഭാവം; ലൗ ജിഹാദിന് ഒന്‍പത് ഘട്ടങ്ങള്‍; മുസ്ലീം വിരുദ്ധതയും വിദ്വേഷപ്രചരണവുമായി താമരശ്ശേരി അതിരൂപതയുടെ വേദപാഠപുസ്തകം

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: താമരശ്ശേരി അതിരൂപതയുടെ വേദപാഠപുസ്തകം വിവാദത്തില്‍. മുസ്ലീം വിരുദ്ധതയും വിദ്വേഷപ്രചരണവും വ്യാജവിവരങ്ങളും നിറഞ്ഞ പുസ്തകത്തിലെ ഭാഗങ്ങള്‍ നര്‍കോട്ടിക് ജിഹാദ് വിഷയത്തിന് പിന്നാലെയാണ് പുറത്ത് വന്നത്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അത് വളരെ ആസൂത്രിതമായാണ് നടപ്പിലാക്കുന്നതെന്നും വേദപാഠപുസ്തകത്തില്‍ പറയുന്നു.

‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന പേരിലുള്ള പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. താമരശേരി രൂപതയുടെ കീഴില്‍ വരുന്ന ഇടവകകളില്‍ നടക്കുന്ന വേദപാഠ ക്ലാസുകളില്‍ ഈ വര്‍ഷം മുതലാണ് ഈ പുസ്തകവും പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 11, 12 ക്ലാസുകളിലാണ് ഈ ഭാഗങ്ങള്‍ പഠിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം, പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ നല്‍കിയാണ് ലൗ ജിഹാദിനെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഒമ്പത് ഘട്ടങ്ങളായാണ് ലൗ ജിഹാദ് നടക്കുന്നതെന്നാണ് പുസ്തകത്തിലുള്ളത്. പെണ്‍കുട്ടിയെ തെരഞ്ഞെടുക്കല്‍, പരിചയപ്പെടല്‍, ബന്ധം ദൃഢമാക്കല്‍, വിവാഹത്തെ കുറിച്ചുള്ള ധാരണകള്‍, വിവാഹ വാഗ്ദാനം, ലൈംഗികബന്ധം ദുരുപയോഗം ചെയ്യല്‍- ഭീഷണിപ്പെടുത്തല്‍, കുടുംബത്തില്‍ നിന്നും അകറ്റല്‍, നിയമപരമായി സ്വന്തമാക്കല്‍, വിവാഹ ജീവിതം മതം മാറ്റം എന്നിവയാണ് ഘട്ടങ്ങള്‍.

ഓതിക്കെട്ടല്‍/ കൈവിഷം തുടങ്ങിയ ആഭിചാരക്രിയകള്‍ അമുസ്ലീങ്ങളെ വലയിലാക്കാന്‍ ഉപയോഗിക്കുന്നുവെന്നും റംസാന്‍, ഈദ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വീടുകളിലേക്ക് ക്ഷണിക്കുന്നത് പോലും ലൗ ജിഹാദിന് വേണ്ടിയാണെന്നും ഇതില്‍ പറയുന്നു. മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടികളെ ഐ.എസ് തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളാക്കി വില്‍ക്കുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു, യത്തീംഖാനകളില്‍ ജോലിക്കാരാക്കുന്നു, മത പുരോഹിതന്മാരുടെയോ തീവ്രവാദികളുടെയോ ഭാര്യമാരിലൊരാളാക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ യുവാക്കളെ ലക്ഷ്യമാക്കി നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് താമരശേരി രൂപതയുടെ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.