പുതിയ കണ്ടക്ടർമാർക്ക് ഉടൻ സ്ഥിരം നിയമനമില്ല: താൽക്കാലികക്കാരുടെ വേതനം മാത്രം; തച്ചങ്കരി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവനക്കാരുടെ കുറവ് നികത്താൻ പി.എസ്.സിയിൽ നിന്ന് നിയമനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി. ടൊമിൻ.ജെ. തച്ചങ്കരി. രണ്ട് മാസം എടുത്ത് നടപ്പിലാക്കേണ്ട പ്രക്രിയകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്ന് തച്ചങ്കരി തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ പുതുതായി നിയമിക്കപ്പെടുന്നവർക്ക് ഉടൻ സ്ഥിരം നിയമനം നൽകില്ലെന്നും കെ.എസ്.ആർ.ടി.സി എം.ഡി വ്യക്തമാക്കി. താൽക്കാലിക ജീവനക്കാർക്ക് നൽകിയ വേതനമെ നൽകൂ. പ്രവർത്തനം വിലയിരുത്തിയതിന് ശേഷമാകും സ്ഥിരപ്പെടുത്തുകയെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
‘ജീവനക്കാരുടെ വലിയ തരത്തിലുള്ള കുറവുണ്ടായിട്ടും അത് കളക്ഷനെ ബാധിച്ചില്ല. തിങ്കളാഴ്ച മാത്രം 7.49 കോടി രൂപയുടേതായിരുന്നു വരുമാനം. മാത്രമല്ല 17 ലക്ഷം രൂപയുടെ ഡീസൽ ലാഭിക്കാനുമായി. എന്നാൽ ജീവനക്കാരുടെ കുറവ് കോടതി നിർദ്ദേശ പ്രകാരം ഉടൻ നികത്തും. സാധരണഗതിയിൽ രണ്ട് മാസം എടുത്ത് പൂർത്തീകരിക്കേണ്ട പ്രക്രിയകൾ ഒരാഴ്ചയ്ക്കകം നടത്തും. നിയമിക്കപ്പെടുന്നവർക്ക് പ്രാഥമികമായി രണ്ട് ദിവസത്തെ കോഴ്സ് നൽകും. പരിശീലനം കഴിഞ്ഞാൽ കണ്ടക്ടർ പരീക്ഷ നടത്തുകയും പാസായാൽ പിറ്റേദിവസം തന്നെ ലൈസൻസ് ലഭ്യമാക്കുകയും ചെയ്യും. തുടർന്ന് ടിക്കറ്റ് മെഷീനിലുള്ള പരിശീലനം നൽകും. ആദ്യകാലങ്ങളിൽ സിറ്റിക്കടുത്തുള്ള റൂട്ടിലായിരുക്കും ഇവരെ നിയോഗിക്കുകയെന്നും തച്ചങ്കരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group