
നിർമ്മാല്യം തൊഴാൻ പോയ വീട്ടമ്മയെ പിന്നിലൂടെ എത്തി കടന്നുപിടിച്ച് ഉരുട്ടിയിട്ട് മാല കവർന്നു; എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മടങ്ങിവന്ന് വീണ്ടും ആക്രമണം; ചെങ്ങന്നൂരിൽ നടന്ന മോഷണ ശ്രമം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: നിർമ്മാല്യം തൊഴാൻ പോയ വീട്ടമ്മയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല കവർന്നു. വ്യാഴാഴ്ച വെളുപ്പിന് 4.50നാണ് സംഭവം. തിരുവൻവണ്ടൂർ രാജീവ് സദനത്തിൽ തുളസീഭായി (64) യുടെ മാലയാണ് മോഷണം പോയത്.
ദിവസവും പുലർച്ചെ തുളസീഭായി നിർമ്മാല്യം തൊഴാൻ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകാറുണ്ട്. തിരുവൻവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു നിന്ന് നന്നാട് റോഡിലേക്ക് തിരിയുന്ന ഭാഗത്തു വച്ച് പ്രതി തുളസീഭായിയുടെ പുറകിലൂടെ എത്തി കടന്നുപിടിച്ച് വായ് പൊത്തിയ ശേഷം പുറകിലേക്ക് ഉരുട്ടിയിട്ടു. താഴെ വീണു കിടന്ന തുളസീഭായിയുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരിയിൽ ഇതിനു സമാനമായ സംഭവങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
നിലവിളിച്ചെങ്കിലും റോഡിൽ ആരും ഉണ്ടായിരുന്നില്ല. പണമടങ്ങിയ പേഴ്സ് തുളസീഭായിയുടെകൈശമുണ്ടായിരുന്നു. റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മടങ്ങിവന്ന മോഷ്ടാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.ബഹളം വച്ചതോടെയാണ് ഇയാൾ പോയത്. വളകൾ കൈക്കലാക്കാൻ വേണ്ടിയാവും വീണ്ടും വന്നതെന്ന് സംശയിക്കുന്നു. മാലയുടെ ലോക്കറ്റും കൊളുത്തും പിന്നീട് സംഭവസ്ഥലത്തു നിന്ന് ലഭിച്ചു.
തുളസീഭായി ക്ഷേത്രത്തിലേക്ക് പോകും മുമ്പ് അയൽവാസിയായ അമ്പിളി എസ്.കുമാർ ക്ഷേത്രത്തിൽ പോകാനിറങ്ങവെ അപരിചിതനായ ഒരാൾ സൈക്കിളിൽ അതുവഴി കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
അതിനു ശേഷമാണ് ഈ സംഭവം നടന്നതെന്ന് അമ്പിളി പൊലീസിനോടു പറഞ്ഞു. മോഷ്ടാവ് നന്നാട് ഭാഗത്തേക്കാണ് പോയതെന്ന് തുളസീഭായി പറഞ്ഞു.
വാർഡ് അംഗം ശ്രീവിദ്യ സുരേഷ് വിവരം അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സബ് ഇൻസ്പെക്ടർ എസ്. നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. തുളസീഭായിയും ഭർത്താവ് പി.എസ് നാരായണനും മാത്രമാണ് വീട്ടിലുള്ളത്. മക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാണ്.