അമ്പലങ്ങളിലെ ആനക്കള്ളൻമാർ..! സ്വകാര്യ മുതലാളിമാരുടെ ആനകൾക്കു വേണ്ടി ഏറ്റുമാനൂരിൽ ആന എഴുന്നെള്ളത്തിൽ നടത്തിയത് വൻ ക്രമക്കേട്; ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
കോട്ടയം: ദേവസ്വം ബോർ്ഡ് അമ്പലങ്ങളിലെ ആനക്കള്ളൻമാർ പതിവ് കാഴ്ചയാണ്. എന്നാൽ, ക്ഷേത്രങ്ങളിലും ഭക്തരിലും ആന ഉടമകളായ വമ്പൻമാരിലും സ്വാധീനമുള്ള വരെ പലപ്പോഴും പലരും തൊടാൻ ധൈര്യപ്പെടാറില്ല.
എന്നാൽ, ഇതിനു വിപരീതമായി ശക്തമായ നടപടിയെടുത്തിരിക്കുകയാണ് ഇപ്പോൾ സർക്കാർ. അമ്പലത്തിലെ ആനക്കള്ളനായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്താണ് ശക്തമായ നടപടി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആന എഴുന്നെള്ളത്തിൽ ക്രമക്കേട് കാട്ടിയതിന്റെ പേരിലാണ് ജീവനക്കാരനെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന എഴുന്നെള്ളത്തിന്റെ പേരിൽ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ ദേവസ്വം ജീവനക്കാരിൽ ഒരാളാണ് ഇപ്പോൾ പുറത്തായ ജീവനക്കാരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റുമാനൂർ ഗ്രൂപ്പിലെ ഇടയാറ്റ്കാവ് സബ് ഗ്രൂപ്പ് ഓഫീസറും ളാലം മഹാദേവക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസർ ഇൻ ചാർജുമായ എൻ.ആർ.മധുവാണ് ഇപ്പോൾ തെറിച്ചത്.
ആന ഉടമകളുമായി ഇദ്ദേഹത്തിനുള്ള അടുപ്പം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ, ഇയാളുടെ രാ്ഷ്ട്രീയ സ്വാധീനം ഭയന്ന് ആരും നടപടികൾ ഒന്നും എടുത്തിരുന്നില്ല. ഇതോടെയാണ് ഇപ്പോൾ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് വന്നത്. തുടർന്ന് ആനക്കള്ളൻമാർ ഓരോരുത്തരായി പുറത്താകുകയായിരുന്നു.
ദേവസ്വം വൈക്കം ഡപ്യൂട്ടി ദേവസ്വം കമ്മീഷണർ ആഫീസിലെ എൽ.എം.വി ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യവെയാണ് ഒരു സർക്കുലറിൻറെ അടിസ്ഥാനത്തിൽ സബ് ഗ്രൂപ്പ് ആഫീസർ തസ്തികയിൽ അധിക ചാർജായി മധുവിനെ നിയമിക്കുന്നത്. ദേവസ്വം മരാമത്ത് വകുപ്പിൻറെ കീഴിലുള്ള ഡ്രൈവർ തസ്തികയിലേക്ക് മാറ്റി നിയമിക്കാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും കോടതിയിൽ നിന്നും സ്റ്റേ വാങ്ങി ഇയാൾ ഈ സ്ഥാനത്ത് തുടരുകയായിരുന്നു.
ഇതിനിടെയാണ് ളാലം മഹാദേവക്ഷേത്രത്തിലെ പണാപഹരണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് ഓംബുഡ്‌സ്മാന് 2018 ഫെബ്രുവരിയിൽ പരാതി നൽകിയത്.
തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എഴുന്നള്ളിപ്പിന് ആനകളെ നിയോഗിച്ചതിലും ചമയങ്ങൾ വാടകയ്‌ക്കെടുത്തതിലും നടത്തിയതുൾപ്പെടെ ക്രമക്കേടുകൾ മറനീക്കി പുറത്തു വന്നത്.
ഏറ്റുമാനൂരിലുള്ള ആന ഉടമയുടെ പക്കൽ നിന്നും ചമയങ്ങൾ വാടകയ്ക്ക് എടുത്തതായി അദ്ദേഹത്തിൻറെ കള്ളപേരിൽ തയ്യാറാക്കിയ വൌച്ചറായിരുന്നു അതിലൊന്ന്. വൌച്ചറിൽ എഴുതിയിരിക്കുന്ന പേര് തൻറേതല്ലെന്നും, തൻറെ കയ്യിൽനിന്നും ചമയങ്ങൽ എടുത്തിട്ടില്ലെന്നും ആന ഉടമ മൊഴി നൽകുകയും ചെയ്തുവത്രേ.
ആനവാടക, ആനച്ചമയം വാടക എന്നീ ഇനങ്ങളിലെ കണക്കുകളുമായി ബന്ധപ്പെട്ട വൌച്ചറുകളിലെ കൃത്രിമവും ഇവ അലക്ഷ്യമായി ഹാജരാക്കിയതും ആഫീസ് കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ മധുവിൻറെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും കണ്ടെത്തിയത് ഓംബുഡ്‌സ്മാൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിശദമാക്കി.
തുടർന്ന് ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരം മധുവിൻറെ പേരിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിന് ഏറ്റുമാനൂർ അസി. ദേവസ്വം കമ്മീഷണർ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് ചീഫ് എഞ്ചിനീയർ (ജനറൽ) മധുവിനെ സസ്‌പെൻറ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
ദേവസ്വം ബോർഡിൻറെ കീഴിലുള്ള മിക്കവാറും ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തികവെട്ടിപ്പ് നടന്നുവരുന്ന ഒരു ഇനമാണ് ആനകളുടെയും ചമയങ്ങളുടെയും വാടക. മേജർ ക്ഷേത്രങ്ങളിൽ പലയിടത്തും ഉത്സവത്തിന് ആനകളെ വഴിപാടായി എഴുന്നള്ളിക്കാറുണ്ട്. ഈ ആനകൾക്ക് ഏക്കം നൽകേണ്ടതില്ല. എന്നാൽ ആനകൾക്ക് ദേവസ്വം നിശ്ചയിച്ചിട്ടുള്ള ഏക്കവും ആനക്കാരൻറെ ദിവസക്കൂലിയും ആനചമയത്തിൻറെ തുകയും ബന്ധപ്പെട്ട ജീവനക്കാർ എഴുതി എടുക്കുകയാണ് പതിവ്.
ആന ഉടമയ്ക്കു പകരം ആനയുടെ പേരിൽ തന്നെ വൌച്ചർ ഒപ്പിട്ട് പണം നൽകിയ രേഖയും ഒരു ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഏറ്റുമാനൂർ ഗ്രൂപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും മുൻ വർഷങ്ങളിൽ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യവും ഭക്തരുടെ ഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്.