video
play-sharp-fill

താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവ്; ബിലാലിനെ ജയിലിലെത്തി കാണാൻ അഭിഭാഷകന് അനുമതി; വെള്ളിയാഴ്ച വൈകിട്ട് മൂന്നിനു ജയിലിലെത്തി പ്രതിയെ കാണാം

താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവ്; ബിലാലിനെ ജയിലിലെത്തി കാണാൻ അഭിഭാഷകന് അനുമതി; വെള്ളിയാഴ്ച വൈകിട്ട് മൂന്നിനു ജയിലിലെത്തി പ്രതിയെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി കൊലപാതകക്കേസിൽ പ്രതി ബിലാലിന്റെ മാനസിക നിലപരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവ്. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇത് കൂടാതെ പ്രതി മുഹമ്മദ് ബിലാലിന്റെ അഭിഭാഷകന് വെള്ളിയാഴ്ച വൈകിട്ട് മൂന്നിനുള്ളിൽ പ്രതിയെ കോടതിയിൽ എത്തി കാണാമെന്നും കോടതി വിധിച്ചു.

ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയ്ക്കു മാനസിക രോഗമാണ് എന്ന ബന്ധുക്കളുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ടർ പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നു കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിയുടെ മാനസിക നില പരിശോധിച്ച് വിചാരണ നേരിടാൻ ഇയാൾ പര്യാപ്തനാണോ എന്നു പരിശോധിക്കണമെന്നും കോടതിയോട് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ജയിലിൽ പ്രതിയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നും, പ്രതിയുടെ മാനസിക നില മെഡിക്കൽ ബോർഡിനെ കൊണ്ടു പരിശോധിപ്പിക്കണമെന്നുമായിരുന്നു പ്രതി ഭാഗം അഭിഭാഷകൻ വിവേക് മാത്യു വർക്കിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ച കോടതി പ്രതിയുടെ മാനസിക നില സീനിയർ ഡോക്ടറെ ഉപയോഗിച്ചു പരിശോധിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നു നിർദേശിക്കുകയായിരുന്നു.

ഇതിനിടെയാണ് കോടതിയിൽ തനിക്ക് പ്രതിയെ കാണമെന്ന ആവശ്യം പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ചത്. ഇ്ത് അംഗീകരിച്ച കോടതി വൈകിട്ട് മൂന്നു മണിയ്ക്കു ജയിലിൽ എത്തി പൊലീസ് സാന്നിധ്യമില്ലാതെ പ്രതിയെ കാണാനും സംസാരിക്കാനും അനുവാദവും നൽകിയിട്ടുണ്ട്.