ടാറ്റയുടെ 1964 ലെ മോഡലായ ലോങ്-നോസ് ട്രക്ക് വീണ്ടും നിരത്തിലിറക്കാനൊരുങ്ങി കേന്ദ്രം

Spread the love

 ടാറ്റയുടെ 1964 ലെ മോഡലായ 1210 D ട്രക്ക്. ഇന്ത്യൻ വാണിജ്യ വാഹന വിപണിയില്‍ നിർണായക പങ്കുവഹിച്ച മോഡലായിരുന്നു ഇത്.1990-കളില്‍ ഇന്ത്യൻ നിരത്തുകളില്‍ ലോങ്-നോസ് ട്രക്കുകള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങള്‍ നിറസാന്നിധ്യമായി മാറി. പിന്നീട് ടാറ്റയുടെ തന്നെ SE 1613 മോഡല്‍ ലോറികളും നിരത്തുകള്‍ വാണു.

ഡ്രൈവറുടെ മുന്നില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഒരു ഹുഡും എൻജിനുമായിരുന്നു ലോങ്-നോസ് ട്രക്കുകളുടെ സവിശേഷത. നീണ്ട മൂക്കുള്ള മഞ്ഞ മുൻഭാഗം എന്നു പറഞ്ഞാല്‍ കുറേകൂടി വ്യക്തമാകും. എന്നാല്‍ കാലംമാറുന്നതിനനുസരിച്ച്‌ വാഹനനിർമാതാക്കള്‍ ട്രക്കുകളുടെ ഡിസൈനില്‍ മാറ്റംവരുത്തിക്കൊണ്ടിരുന്നു. ആധുനിക ഫ്ലാറ്റ്-നോസ് ഡിസൈനിലേക്ക് ട്രക്കുകള്‍ മാറി. നിർമാണം കമ്ബനികള്‍ അവസാനിപ്പിച്ചെങ്കിലും ലോങ്-നോസ് ട്രക്കുകള്‍ക്ക് പ്രത്യേക ഫാൻബെയ്സാണുള്ളത്. ഇപ്പോഴിതാ വീണ്ടും ലോങ്-നോസ് ട്രക്കുകളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സെക്രട്ടറി വി. ഉമാശങ്കറാണ് ലോങ്-നോസ് ട്രക്കുകള്‍ ഇന്ത്യൻ റോഡുകളില്‍ തിരിച്ചെത്തിയേക്കാം എന്ന സൂചന നല്‍കിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ നഗര മൊബിലിറ്റി സമ്മേളനമായ ‘അർബൻ അദ്ദ 2025’-ല്‍ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോങ് നോസ് മോഡലുകള്‍ സുരക്ഷ വർധിപ്പിക്കുമെന്നാണ് ഉമാശങ്കർ വ്യക്തമാക്കുന്നത്. ‘എൻജിനും ഹുഡിനും പിന്നില്‍ മുകളിലായി ഡ്രൈവർ ഇരിക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. ഡ്രൈവർക്ക് പെട്ടെന്ന് പ്രതികരിക്കാനുള്ള സമയവും ഇതിലൂടെ ലഭിക്കും. ഫ്ലാറ്റ്-നോസ് ട്രക്കുകള്‍ക്കും ലോങ്-നോസ് ട്രക്കുകള്‍ക്കും അവയിടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഫ്ലാറ്റ്-നോസ് ട്രക്കുകള്‍ ഡ്രൈവർമാർക്ക് മെച്ചപ്പെട്ട ഇരിപ്പിടവും റോഡിനെക്കുറിച്ചുള്ള മികച്ച കാഴ്ചയും നല്‍കുന്നുണ്ട്. മറുവശത്ത്, ലോങ്-നോസ് ട്രക്കുകള്‍ ക്യാബിൻ സ്ഥലം കുറച്ചേക്കാം. എന്നാല്‍ ട്രക്കിന് മുന്നില്‍ ഓടുന്ന വാഹനങ്ങളെക്കുറിച്ച്‌ മികച്ച ധാരണ നല്‍കാൻ സാധ്യതയുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

ലോങ് നോസ് ട്രക്കുകളെ സംബന്ധിച്ച്‌ മന്ത്രാലയം ഉടൻ വാഹന നിർമ്മാതാക്കളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചനകള്‍ ആരംഭിക്കുമെന്ന് ഉമാശങ്കർ പറഞ്ഞു. കൂടാതെ, ലോങ്-നോസ് ട്രക്ക് പുറത്തിറക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ പോലും അസംബ്ലി ലൈൻ പുനഃക്രമീകരിക്കാനും മാറ്റം വരുത്താനും നിർമാതാക്കള്‍ക്ക് കുറഞ്ഞത് രണ്ട് വർഷമെടുക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ചരക്ക് ഗതാഗത കാര്യക്ഷമത വർധിപ്പിക്കാനും ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കാനും കേന്ദ്രസർക്കാർ ഇന്ത്യയില്‍ പുള്ളർ-ട്രെയിലറുകള്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഉമാശങ്കർ പറഞ്ഞു.