ഫൈൻ ഒഴിവാക്കി തരാൻ 25,000 രൂപ ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസർ വിജിലൻസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ :കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ താലൂക്ക് സപ്ലൈ ഓഫീസർ റിമാന്റിൽ. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ അനിലിനെയാണ് വിജിലൻസ് കോടതി ജനുവരി പത്തുവരെ റിമാൻഡു ചെയ്തത്. കോഴിക്കോട് വിജിലൻസ് ജഡ്ജി ടി.മധുസൂദനന്റെ വസതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.

ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയുടെ കൈയ്യിൽനിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സപ്ലൈ ഓഫീസറെ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുവളത്തുപറമ്പ് സ്വദേശിക്ക് വീട്ടിൽ സ്വന്തമായി കാറുള്ളതിന്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയുംവേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് ഫൈനായി മൂന്ന് ലക്ഷം രൂപ സർക്കാരിലേക്ക് അടക്കണമെന്നും താലൂക്ക് സപ്ലെ ഓഫീസർ കഴിഞ്ഞ മാസം 20 ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫീസിലെത്തിയ പെരുവളത്തുപറമ്പ് സ്വദേശി തന്റെ സാമ്പത്തിക പ്രയാസങ്ങൾ അറിയിച്ചു.

25,000 രൂപ തന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്ന് താലൂക്ക് സപ്ലൈ ഓഫീസറായ അനിൽ അറിയിച്ചു. തുടർന്ന് കഴിഞ്ഞ മാസം 25ന് താലൂക്ക് സപ്ലൈ ഓഫീസർ 10,000 രൂപ ആദ്യ ഗഡുവായി കൈപ്പറ്റി. ആയതിന്റെ അടിസ്ഥാനത്തിൽ ഫൈൻ ഒഴിവാക്കി എ.പി.എൽ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം പരാതിക്കാരന് ലഭിക്കുകയും ചെയ്തു.

പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000 രൂപ കൂടിയെങ്കിലും കൈക്കൂലി നൽകണമെന്നും അത് ഇന്ന് ഉച്ചക്ക് ശേഷം ഓഫീസിൽ എത്തിക്കണമെന്നും അറിയിച്ചു. പരാതിക്കാരൻ ഈ വിവരം കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി പരാതിക്കാരനിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടിക്കുകയായിരുന്നു. ഇയാളുടെ ഓഫീസ് മേശക്കകത്ത് ഉണ്ടായിരുന്ന 20,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഇയാളുടെയും ഭാര്യ, മകൻ എന്നിവരുടെയും പേരിലുള്ള ആറ് ക്രെഡിറ്റ് കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.