വീണ്ടും താലിബാൻ്റെ ഭരണകൂട ഭീകരത ; ഒളിച്ചോട്ടം, ബഹുമാനമില്ലായ്മ, അവിഹിതം, സായുധ കൊള്ള ഇത്തരം കാര്യങ്ങൾ ചെയ്തവരെ പരസ്യമായി ചാട്ടവാറിനടിച്ചു ; ശിക്ഷിക്കപ്പെട്ടത് 63 പേർ,ശിക്ഷ നടപ്പാക്കിയത് പൊതുമധ്യത്തിൽ

Spread the love

കാബൂള്‍ : 63 പേർക്ക് പരസ്യമായി ചാട്ടവാറടി ശിക്ഷയായി നൽകി താലിബാന്റെ ഭരണകൂട ഭീകരത. വീട്ടില്‍ നിന്നും ഒളിച്ചോടിയത് മുതല്‍ ബഹുമാനക്കുറവ് കാണിച്ചതു വരെ കുറ്റകൃത്യങ്ങള്‍ ചെയ്തവർക്കാണ് സ്പോർട്‌സ് സ്റ്റേഡിയത്തില്‍ വെച്ച്‌ പരസ്യമായി ചാട്ടവാറടിയേറ്റത്.

വടക്കൻ അഫ്ഗാനിസ്ഥാനിലെ സാർഎ – പുല്‍ എന്ന സ്ഥലത്ത് വെച്ച്‌ നടന്ന സംഭവത്തില്‍ 48 പുരുഷന്മാർക്കും 15 സ്ത്രീകള്‍ക്കുമാണ് ശിക്ഷ ലഭിച്ചത്. 15 മുതല്‍ 39 തവണ വരെ ചാട്ടയടിയായിരുന്നു ശിക്ഷയായി വിധിച്ചിരുന്നത്. ചാട്ടവാറടിക്ക് പുറമെ, കുറ്റം ചുമത്തപ്പെട്ടവരില്‍ ചിലർക്ക് ആറ് മാസം മുതല്‍ അഞ്ച് വർഷം വരെ തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ടെന്നും ഡെയ്ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ ഭരണത്തിനു കീഴില്‍ ഇത്രയധികം പേർക്ക് ഒരുമിച്ച്‌ പരസ്യ ശിക്ഷ ലഭിക്കുന്നത് 2021 ന് ശേഷം ഇതാദ്യമാണെന്ന് വോയ്‌സ് ഓഫ് അമേരിക്കയും റിപ്പോർട്ട് ചെയ്യുന്നു.

പ്രദേശവാസികളില്‍ പലരും ഈ ശിക്ഷയെ അനുകൂലിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ചില പ്രാദേശിക ചാനലുകള്‍ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. യുവ തലമുറക്ക് ഇത് ഒരു പാഠമാണെന്നും ഇത്തരം ശിക്ഷകള്‍ അവരെ കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാൻ പ്രേരിപ്പിക്കും എന്നാണ് അവർ പറയുന്നത്. സായുധ കൊള്ള, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവർക്കൊപ്പം, വീട്ടില്‍ നിന്നും ഒളിച്ചോടിയവരും, മുതിർന്നവരോട് ബഹുമാനം പ്രകടിപ്പിക്കാത്തവരുമൊക്കെ ശിക്ഷ എറ്റുവാങ്ങി എന്നതാണ് വിരോധാഭാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടയില്‍ താലിബാനുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അസിസ്റ്റൻസ് മിഷൻ ഈ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. യു എൻ ഹൈക്കമ്മീഷണർ ഓണ്‍ ഹ്യുമൻ റൈറ്റ്‌സും സംഭവത്തെ അപലപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഈ നടപടി എന്ന് യു എൻ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍, കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ, കൊലചെയ്യപ്പെട്ട ആളുടെ സഹോദരനെ കൊണ്ട്,. പരസ്യമായി വെടിവെച്ച്‌ കൊല്ലിച്ചു കൊണ്ടും താലിബാൻ മനുഷ്യാവകാശ നിയമങ്ങള്‍ക്ക് നേരെ പുച്ഛം പ്രകടിപ്പിച്ചിരുന്നു.