play-sharp-fill
നികുതിയടച്ച് കട നടത്തുന്നവര്‍ മണ്ടന്‍മാര്‍; കോട്ടയം നഗരമധ്യത്തിലെ ഫുട്പാത്തുകള്‍ വാടകയ്ക്ക്..! വാടക പിരിക്കുന്നത് നഗരസഭ കൗണ്‍സിലര്‍മാരും ഭരണകക്ഷി നേതാക്കളും; ചോദിക്കാനും പറയാനും ആരുമില്ല

നികുതിയടച്ച് കട നടത്തുന്നവര്‍ മണ്ടന്‍മാര്‍; കോട്ടയം നഗരമധ്യത്തിലെ ഫുട്പാത്തുകള്‍ വാടകയ്ക്ക്..! വാടക പിരിക്കുന്നത് നഗരസഭ കൗണ്‍സിലര്‍മാരും ഭരണകക്ഷി നേതാക്കളും; ചോദിക്കാനും പറയാനും ആരുമില്ല

  1. സ്വന്തം ലേഖകന്‍

കോട്ടയം: നികുതിയടച്ച് കട നടത്തുന്ന സാധാരണക്കാരായ വ്യവസായികളെ മണ്ടന്മാരാക്കി കോട്ടയം നഗരത്തില്‍ രാഷ്ട്രീയക്കാരുടെയും നഗരസഭ അംഗങ്ങളുടെയും ഭരണകക്ഷിക്കാരുടേയും അഴിഞ്ഞാട്ടം. നഗരത്തിലെ ഫുട്പാത്തുകള്‍ പോലും ഇതര സംസ്ഥാനക്കാര്‍ക്കടക്കം തറവാടകയ്ക്കു നല്‍കിയാണ് രാഷ്ട്രീയക്കാര്‍ സ്വന്തം കീശവീര്‍പ്പിക്കുന്നത്. ഭരണാനുകൂല തൊഴിലാളി സംഘടനകള്‍ റോഡരികുകള്‍ അളന്നു വില്‍ക്കുമ്പോള്‍, നഗരസഭ അംഗങ്ങളില്‍ പലരും ഇവരില്‍ നിന്നും ദിവസവാടകയാണ് വാങ്ങുന്നത്.

നഗരസഭയില്‍ കരമടച്ച്, ലൈസന്‍സെടുത്ത് ആയിരങ്ങളും ലക്ഷങ്ങളും വാടക നല്‍കിയ കടക്കാര്‍ നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുമ്പോഴാണ് യാതൊരു വിധ ആധികാരികതയുമില്ലാതെ  ലൈസന്‍സും മറ്റു രേഖകളുമില്ലാതെ അനധികൃത കച്ചവടക്കാര്‍ നഗരം കീഴടക്കുന്നത്. നേരത്തെ ഞായറാഴ്ചകളില്‍ മാത്രമായിരുന്ന ഫുട്പാത്ത് കച്ചവടം ഇപ്പോള്‍ ഇടദിവസങ്ങൡും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായി കണക്കു പറഞ്ഞ് നഗരസഭ അംഗങ്ങളും, രാഷ്ട്രീയ നേതാക്കളും വാടകയും വാങ്ങുന്നുണ്ട്.


നഗരത്തില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്, ടിബി റോഡിലെ ഫുട്പാത്തുകളിലാണ്. ഇവിടെ തന്നെയാണ് ഞായറാഴ്ച വമ്പന്‍ കച്ചവടവും നടത്തുന്നത്. ഫുട്പാത്തുകളില്‍ ഷര്‍ട്ടും, ഇലക്ട്രോണിക് ഉപകരണങ്ങളും,  മൊബൈൽ ഫോണും, വാച്ചും തുടങ്ങി എന്തു സാധനവും ഞായറാഴ്ച രംഗത്തിറങ്ങും. ഇതെല്ലാം വാങ്ങാന്‍ എത്തുന്നത് ഇതര സംസ്ഥാനക്കാരാണ്. ഇവരോടൊപ്പം ചില മലയാളികളും വന്നു പെടാറുണ്ട്. ഈ മലയാളികളെയാണ് അക്ഷരാര്‍ത്ഥത്തില്‍ വഴിയോര, ഫുട്പാത്ത് കച്ചവടക്കാര്‍ പറ്റിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാനക്കാര്‍ കിട്ടുന്ന വിലയ്ക്കു കിട്ടുന്ന സാധനവും വാങ്ങി മടങ്ങും. എന്നാല്‍, മലയാളികള്‍ ഡിസ്‌ക്കൗണ്ടും, ഗ്യാരണ്ടിയും അടക്കം ആവശ്യപ്പെടും. ഇത്തരത്തില്‍ ഇലക്ട്രോണിക് സാധനങ്ങളും, മൊബൈല്‍ ഫോണും, ഷര്‍ട്ടും അടക്കം വാങ്ങുന്നവരോട് വഴിയോരക്കച്ചവടക്കാര്‍ ഏതെങ്കിലുമൊരു കടയുടെ പേരു പറയും. ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍ ഗ്യാരറ്റി നല്‍കുമെന്നാവും പറയുക. ഇത് വിശ്വസിച്ച് കേടുവന്ന സാധനങ്ങളുമായി ഉപഭോക്താവ് കടയില്‍ എത്തും. പക്ഷേ, കടക്കാരന്‍ ഇത് അറിഞ്ഞിട്ടു പോലും ഉണ്ടാകില്ല.

ഇത്തരത്തില്‍ നികുതിയും, പണവും തട്ടിയ്ക്കുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നത് നഗരത്തിലെ രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഭരണകക്ഷിയിലെ പ്രമുഖ യൂണിയന്‍ നേതാവാണ് ഇവരില്‍ നിന്നും തറവാടക പിരിക്കുന്നത്.