
ദുബായ്: ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി. ഏഷ്യ കപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് മുന്നേറ്റം. നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് വരുണ്‍. ജസ്പ്രീത് ബുമ്രയും രവി ബിഷ്‌ണോയിയും ആണ് ഇതിനുമുന്‍പ് ഒന്നാം റാങ്കില്‍ എത്തിയിട്ടുള്ളത്. 2025 ഫെബ്രുവരിയില്‍ വരുണ്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് വരുണ്‍ ഒന്നാമതെത്തിയത്.
ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. വരുണിനെ കൂടാതെ രവി ബിഷ്‌ണോയിയും ഇടം പിടിച്ചു. രണ്ട് സ്ഥാനം നഷ്ടമായ ബിഷ്‌ണോയ് എട്ടാം സ്ഥാനത്താണ്. വരുണിന്റെ വരവോടെ ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡഫി രണ്ടാം സ്ഥാനത്തായി. വെസ്റ്റ് ഇന്‍ഡീസ് അകെയ്ല്‍ ഹുസൈനാണ് മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ ആഡം സാംപ നാലാമതായി. മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് അഞ്ചാമതായി. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശ്രീലങ്കയുടെ നുവാന്‍ തുഷാര ആറാം സ്ഥാനത്തേക്ക് കയറി.
ലങ്കയുടെ തന്നെ വാനിന്ദു ഹസരങ്ക, ബിഷ്‌ണോയിക്ക് മുകളില്‍ ഏഴാം സ്ഥാനത്ത്. ഓസീസിന്റെ നതാന്‍ എല്ലിസ് ഒമ്പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ പത്താം സ്ഥാനത്താണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ 12ാം സ്ഥാനത്തേക്ക് കയറി. അതേസമയം, ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് അഞ്ച് സ്ഥാനം നഷ്ടമായി. 14-ാം സ്ഥാനത്താണിപ്പോള്‍ അര്‍ഷ്ദീപ്. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാമത് തുടരുന്നു.
രണ്ട് സ്ഥാനം നഷ്ടമായ തിലക് വര്‍മ നാാലം സ്ഥാനത്തേക്കിറങ്ങി. സൂര്യകുമാര്‍ യാദവ് ഏഴാം സ്ഥാനത്താണ്. നാല് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 36-ാം സ്ഥാനത്താണ്. അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ വന്‍ തിരിച്ചടി നേരിട്ടു. ഏഷ്യാ കപ്പില്‍ ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു ആറ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 40-ാം സ്ഥാനത്തേക്ക് വീണു. ടീം റാങ്കിംഗില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.