സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി; പുറത്തിറങ്ങിയത് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ; സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും അവർക്ക് പറയാനുള്ളതെല്ലാം പറയുമെന്നും സ്വപ്നയുടെ മാതാവ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്.

ആറു കേസുകളിലും സ്വപ്ന സുരേഷിൻെറ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കി.

സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ.

കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്.

സാമ്പത്തിക തീവ്രവാദത്തിന്‍റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികൾക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ വാദം തള്ളിയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.

ജയിൽ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും അവർക്ക് പറയാനുള്ളതെല്ലാം പറയുമെന്നുമാണ് സ്വപ്നയുടെ മാതാവ് പ്രഭാ സുരേഷ് മുമ്പ് പറഞ്ഞത്. തന്നെ ചിലർ ചേർന്ന് കുടുക്കിയതാണെന്നാണ് സ്വപ്ന ജയിലിൽ വച്ചു കണ്ടപ്പോൾ സ്വപ്ന പറഞ്ഞതെന്നും മാതാവ് അവകാശപ്പെട്ടിരുന്നു