സ്വപ്‌ന സുരേഷിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുമ്പോൾ ഒരോ ദിനവും നിർണ്ണായകമാവുന്നത് മന്ത്രി ജലീലിനും ശിവശങ്കറിനും ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിനായി സ്വപ്‌ന സുരേഷിനൊപ്പം എത്തിയ മൂന്ന് വനിതകളെക്കുറിച്ചും അന്വേഷണം
സ്വന്തം ലേഖകൻ
കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരോഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഒരോ ദിനവും അത് നിർണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനുമായിരിക്കും.
എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, മറ്റു ചില മന്ത്രിമാർ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ മുന്നോട്ടുള്ള ചോദ്യം ചെയ്യലുകൾ നിർണ്ണായകമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷറേറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയാണ് ഇത്.
അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽ നിന്നു മതഗ്രന്ഥമടങ്ങിയ പാഴ്‌സൽ യുഎഇ കോൺസുലേറ്റിൽ എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവർ സമീർ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. പാഴ്‌സൽ എത്തിക്കണമെന്നു മാത്രമാണു കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതെന്നും അതിൽ എന്താണെന്ന് അറിയില്ലെന്നും ഇരുവരും മൊഴി നൽകി. ഖുറാൻ കടത്തിലും ഈന്തപ്പഴ കടത്തിലും കസ്റ്റംസ് കേസെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ മൊഴി എടുക്കൽ അതിനിർണ്ണായകവുമാണ്.
മാർച്ച് 4നാണു നയതന്ത്ര പാഴ്‌സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥമെത്തിച്ചത്. ഇതിൽ 32 പാക്കറ്റുകൾ മലപ്പുറം ജില്ലയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു സ്വകാര്യ ആവശ്യത്തിനു മതഗ്രന്ഥം എത്തിക്കാമെങ്കിലും തീരുവ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ പുറത്തു വിതരണം ചെയ്യരുത് എന്നാണ് വ്യവസ്ഥ. അതേസമയം
ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് കോൺസുലേറ്റിൽനിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് തിരുവനന്തപുരം ഓഫീസിലെത്തിച്ചതെന്ന് ഡ്രൈവർമാർ വ്യക്തമാക്കുയും ചെയ്തിരുന്നു.
മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നുമാത്രം അറിയാമെന്നും ഇവർ പറഞ്ഞു. ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളിൽ ഒന്ന് ജീവനക്കാർ പൊട്ടിച്ചപ്പോൾ മാത്രമാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായതെന്നും പറഞ്ഞു.
ബാക്കിയുള്ളതാണ് എടപ്പാളിലെ രണ്ടു സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയത്. യു.എ.ഇ. സർക്കാരിന്റെ മുദ്രയുള്ള 4,478 കിലോഗ്രാം ബാഗേജാണ് നയതന്ത്ര കാർഗോയിലൂടെ എത്തിയതെന്ന് കസ്റ്റംസ് ഏജന്റ് സ്ഥിരീകരിച്ചു.
ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നു പറഞ്ഞാണ് യു എ ഇ കോൺസലേറ്റ് ഈന്തപ്പഴം എത്തിച്ചത് . തിരുവനന്തപുരത്തെ 30 അനാഥാലയങ്ങൾ, കേരളത്തിലെ പള്ളികൾ എന്നിവിടങ്ങളിലായി 40,000 പേർക്ക് മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നൽകും എന്നും പറഞ്ഞു
സ്വർണ്ണക്കടത്തുകാർ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വർണം സാധാരണ പരിശോധനയിൽ കണ്ടെത്താനാവില്ല എന്നതാണ് ഇതിനുള്ള പ്രധാന കാരണവും. കഇത് മുതലാക്കി സ്വർണം കടത്തിയതിന് സാധ്യത ഏറെയാണെന്നാണ് വിലയിരുത്തലുകൾ.