Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി സർക്കാർ. സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി സംവിധാനത്തിന്റെ ഭാഗമാക്കി പ്രവർത്തിപ്പിക്കുന്ന മാതൃക നടപ്പാക്കാനാണ് ആലോചന.

video
play-sharp-fill

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനും സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളവും പഠിക്കുന്നത്. പദ്ധതിപ്രകാരം സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നല്‍കും. ഡ്രൈവർമാരുടെ ശമ്പളച്ചുമതല ബസുടമകള്‍ക്കായിരിക്കുമ്പോള്‍, കണ്ടക്ടർമാരെ നിയമിക്കുക കെ.എസ്.ആർ.ടി.സിയായിരിക്കും. ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയുള്ള പ്രവർത്തനച്ചെലവുകള്‍ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കും.

പദ്ധതി യാഥാർഥ്യമായാല്‍ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സർവീസുകള്‍ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ യാത്രാനിരക്കുകളില്‍ അനിയന്ത്രിത വർധനവ് ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരതയുള്ള സേവനം ലഭ്യമാക്കാനും സാധിക്കും.
വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കുറഞ്ഞുവരുന്ന വരുമാനവുമാണ് സ്വകാര്യ ബസുടമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ നിരക്ക് വർധനയും നികുതി ഇളവുകളും അവർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പുതിയ മാതൃകയില്‍ ദിവസവരുമാനത്തേക്കാള്‍ സ്ഥിരമായ വാടക ലഭിക്കുന്നതിനാല്‍ സ്വകാര്യ ബസ് ഉടമകള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി കാരണം വരുമാനം കുറഞ്ഞുവെന്ന ബസുടമകളുടെ പരാതികള്‍ക്കും ഇതിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ

പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍
* സർക്കാരിന് പുതിയ ബസുകള്‍ വാങ്ങാൻ വലിയ നിക്ഷേപം വേണ്ടിവരില്ല.
* യാത്രാനിരക്കുകളും കണ്‍സെഷൻ നിരക്കുകളും കൂടുതല്‍ ക്രമബദ്ധമായി നിശ്ചയിക്കാം.
* പൊതുഗതാഗത സേവനങ്ങളുടെ ഏകോപനം ശക്തമാകും.
* കെ.എസ്.ആർ.ടി.സിയില്‍ കൂടുതല്‍ കണ്ടക്ടർ തസ്തികകള്‍ സൃഷ്ടിക്കപ്പെടും.
* ഗ്രാമീണ മേഖലകളിലേക്കും സേവന വ്യാപനം എളുപ്പമാകും