video
play-sharp-fill

Wednesday, May 21, 2025
HomeMainവേര് മുതൽ പൂ വരെ കൊടും വിഷം ; സൂര്യയുടെ ജീവനെടുത്തത് അരളിയോ

വേര് മുതൽ പൂ വരെ കൊടും വിഷം ; സൂര്യയുടെ ജീവനെടുത്തത് അരളിയോ

Spread the love

ആലപ്പുഴ : വിദേശത്ത് പോകാനായി വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയ സൂര്യാ സുരേന്ദ്രന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് നാടും നാട്ടുകാരും. അരളിപ്പൂവില്‍നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം മരണത്തനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാലേ കൃത്യവിവരമറിയാനാകൂ. മരണത്തിലെ യാഥാർഥ്യമറിയാൻ കാത്തിരിക്കുകയാണ് പള്ളിപ്പാട് കൊണ്ടൂരേത്ത് വീട്ടില്‍ സൂര്യയുടെ  കുടുംബം.

വിമാനംകയറാൻ ഞായറാഴ്ച രാവിലെ നെടുമ്ബാശ്ശേരിയിലേക്കു പോകുംമുൻപ് സൂര്യ അയല്‍വീടുകളില്‍ യാത്രപറയാൻ പോയിരുന്നു. മടങ്ങിവരുമ്ബോള്‍ അരളിച്ചുവട്ടില്‍നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഇലയിലൊന്ന് അറിയാതെ വായില്‍വെച്ചു. പിന്നാലെ പൂവും. പെട്ടെന്നു തുപ്പിയെങ്കിലും അല്പം വിഴുങ്ങിപ്പോയെന്നാണ് ചികിത്സയിലിരിക്കേ അച്ഛൻ സുരേന്ദ്രനോടും ഡോക്ടർമാരോടും സൂര്യ പറഞ്ഞത്.

നെടുമ്ബാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിലെത്തിയപ്പോള്‍ സൂര്യ ഛർദ്ദിച്ചിരുന്നു. ചേർത്തലയില്‍ പ്രാഥമിക ചികിത്സ തേടി. വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്ഥിതി വഷളായതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുറച്ചു ഭേദമായപ്പോള്‍ രാത്രിതന്നെ വീട്ടിലേക്കു മടങ്ങി. അതിനിടെ വീണ്ടും പ്രശ്നമായി. തുടർന്ന്, പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേരു മുതൽ പൂവരെ വിഷം ; അരളിയുടെ ഒരിലപോലും ജീവനെടുത്തേക്കാം

ദേശീയപാതയിലെ മീഡിയനില്‍ തുടങ്ങി ക്ഷേത്രവളപ്പുകളില്‍വരെ റോസ് നിറത്തിലുള്ള അരളിപ്പൂവിന്റെ മനോഹാരിത കാണാം. എന്നാല്‍, അലങ്കാരസസ്യമായ അരളി അല്പം സൂക്ഷ്മതയോടെ കൈകാര്യംചെയ്യേണ്ട സസ്യമാണ്. പൂക്കളത്തില്‍ മാത്രമല്ല, തുളസിക്കും തെച്ചിക്കുമൊപ്പം ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അരളി ഉണ്ടാകാറുണ്ട്. നിവേദ്യം കഴിക്കുമ്ബോള്‍ ഈ പൂക്കളും ഉള്ളിലേക്കെത്താനിടയുണ്ട്. എന്നാല്‍, അരളി ഭക്ഷ്യയോഗ്യമല്ലെന്നതാണ് യാഥാർഥ്യം.

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷാംശമുണ്ട്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. പി. സുജനപാല്‍ പറയുന്നു. ഇവ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാണ്.

ശരീരത്തില്‍ ഏതളവില്‍ ചെല്ലുന്നു എന്നതനുസരിച്ചായിരിക്കും ഗുരുതരാവസ്ഥ. ചെറിയ അളവില്‍ അരളിച്ചെടിയുടെ ഭാഗങ്ങള്‍ വയറ്റിലെത്തിയാല്‍ വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവില്‍ കഴിച്ചാല്‍ ഗുരുതരാവസ്ഥയാകും.

പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളില്‍നിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തില്‍ പത്തു വർഷം മുൻപു തന്നെ നിവേദ്യപൂജയില്‍നിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു. സാധാരണ നിവേദ്യത്തിനൊപ്പം നല്‍കാറുള്ള തുളസിയില, തെച്ചിപ്പൂവ് എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. പനി, കഫക്കെട്ട് എന്നിവയ്ക്കും മുറിവുണക്കാനും മറ്റും തുളസി സഹായകമാണ്. തെച്ചിപ്പൂവ് ഉദരസംബന്ധിയായ രോഗങ്ങള്‍, ആർത്തവസമയത്തെ വേദന, സ്ത്രീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപകരിക്കും.

അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാൻഡർ എന്നാണ്. ഈ ജനുസ്സില്‍പ്പെടുന്ന ചെടികളില്‍ കാണുന്ന പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാ(പ്രോട്ടീൻ)ണ് വിഷത്തിന് കാരണം. അപ്പോസൈനേസ്യ വിഭാഗത്തില്‍പ്പെടുന്ന ചെടികളിലെല്ലാം ഇത് കാണാമെന്ന് തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ ബോട്ടണി വകുപ്പ് അധ്യക്ഷനും ഗവേഷകനുമായ ഡോ. പി.വി. ആന്റോ പറയുന്നു.

അരളിയുടെ ഒരിലപോലും ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാൻ ശേഷിയുള്ളതാണെന്ന് മാവേലിക്കര ഇ.എസ്.ഐയിലെ അസി. ഇൻഷുറൻസ് മെഡിക്കല്‍ ഓഫീസർ ഡോ ആല്‍ബിൻ ജോസഫ് പറയുന്നു. ഇതില്‍ ഓലിയാൻഡർ, ഓലിയാൻഡർ ജനില്‍ എന്നിങ്ങനെയുള്ള വിഷമാണുള്ളത്. ഇത് ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവുകൂടാനും അതുവഴി ഹൃദയസ്തംഭനത്തിനും അരളിയിലെ വിഷം കാരണമാകാമെന്നും ഡോ ആല്‍ബിൻ കൂട്ടിച്ചേർക്കുന്നു.

അരളിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശമുണ്ടെന്നും ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി പദ്മകുമാർ പറയുന്നു. ഇത് ഏത് അവയവത്തേയും ബാധിക്കാമെന്നും രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളെ ഗ്ലൈക്കോസൈഡുകള്‍ നശിപ്പിക്കുമെന്നും പദ്മകുമാർ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments