സി.ബി.ഐ ഡയറക്ടറെ ഒരു ദിവസത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും സുപ്രീം കോടതി ശിക്ഷിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോടതി നിർദേശം മറികടന്ന് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സിബിഐ ഉന്നത ഉദ്യോഗസ്ഥനും മുൻ ഇടക്കാല ഡയറക്ടറുമായ എം.നാഗേശ്വർ റാ വുവിനെ ഒരു ദിവസം തടവിനു ശിക്ഷിച്ച് സുപ്രീം കോടതി. റാവുവിന്റെ നടപടി കോടതിയ ലക്ഷ്യമാണെന്ന് കണ്ടെത്തിയ കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. ഭസു റാമും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഇദ്ദേഹത്തിനും ഒരു ലക്ഷം രൂപയും ഒരു ദിവസത്തെ തടവുമാണ് ശിക്ഷിച്ചത്. കോടതി പിരിയും വരെ ഇരുവരും പുറത്തുപോകരുതെന്നായിരുന്നു ശിക്ഷ. ഇതൊരു കേവല പിഴവല്ലെന്നും മനപൂർവ്വമായ അനുസരണക്കേടാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവരോടും കോടതിയുടെ മൂലയിലേക്ക് മാറിയിരിക്കാൻ ചീഫ് ജസ്റ്റീസ് പറഞ്ഞു. കോടതി പിരിയുംവരെ പുറത്തുപോകരുതെന്നും ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്നും ഉത്തരവിട്ടു. റാവുവിൻറെ സർവീസിൽ ഇക്കാര്യം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥരോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോണി ജനറൽ കോടതിയിൽ ഹാജരായി. ഇതുവരെ യാതൊരു ആക്ഷേപങ്ങളുമില്ലാത്ത, മികച്ച ട്രാക്ക് റിക്കാർഡുള്ള ഉദ്യോഗസ്ഥനാണ് നാഗേശ്വര റാവു. അതിനാൽ അദ്ദേഹത്തിൻറെ മാപ്പപേക്ഷ പരിഗണിച്ച് കോടതിയിൽ നിന്നും ദയ ഉണ്ടാകണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ്് വ്യക്തമാക്കി. ഇവരെ തങ്ങൾക്ക് 30 ദിവസത്തേക്ക് ജയിലേക്ക് അയക്കാൻ കഴിയുമെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ രൂക്ഷമായ പ്രതികരണം. റാവുവിൻറെ ശിക്ഷ സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായി.
റാവു നൽകിയ മാപ്പ് അപേക്ഷ തള്ളിയായിരുന്നു കോടതി ശിക്ഷിച്ചത്. ബിഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ബാലപീഡനക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനായ എ.കെ ശർമയെ സ്ഥലം മാറ്റിയ സംഭവത്തിലാണ് നടപടി. ശർമയെ സ്ഥലംമാറ്റരുതെന്ന് കോടതി നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് റാവു പ്രവർത്തിച്ചത്.
മുസഫർപൂർ അന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിൻറ് ഡയറക്ടറായിരുന്ന ശർമ്മയെ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ ഉടനാണ് നാഗേശ്വര റാവു സ്ഥലം മാറ്റിയത്. ഇത് ചോദ്യം ചെയ്ത് ശർമ്മ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ, കോടതിയുടെ അനുമതി കൂടാതെ സ്ഥലംമാറ്റിയത് കോടതി അലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ദൈവത്തിന് മാത്രമേ ഇനി നാഗേശ്വരറാവുവിനെ രക്ഷിക്കാനാകൂ എന്നായിരുന്നു കേസ് പരിഗണിച്ച കോടതി അഭിപ്രായപ്പെട്ടത്.