
ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലേക്ക് ഒന്‍പത് പുതിയ ജഡ്ജിമാര്‍; മൂന്ന് പേര്‍ വനിതകള്‍; കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് അതൃപ്തി; ഒരേസമയം 3 വനിതകളെ ശുപാര്‍ശ ചെയ്യുന്നത് ആദ്യം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാര്‍ നിയമിതരാകുന്നു. കേരള ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെ 9 പേരെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇവരില്‍ 3 പേര്‍ വനിതകളാണ്. ആദ്യമായാണ് ഒരേസമയം 3 വനിതകളെ ശുപാര്‍ശ ചെയ്യുന്നത്.തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്‌ന, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി എന്നിവരാണ് ശുപാര്‍ശ ചെയ്യപ്പെട്ട വനിതകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാറിനു പുറമേ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക്ക, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം. സുന്ദരേശ് എന്നിവരെയും നേരിട്ടുള്ള നിയമനത്തിനു സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി. എസ്. നരസിംഹയെയുമാണ് ശുപാര്‍ശ ചെയ്തത്.
സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അതൃപ്തിയറിയിച്ചു. കൊളീജിയത്തിന്റെ ശുപാര്‍ശ സംബന്ധിച്ച ഊഹാപോഹങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു.