play-sharp-fill
ആറ് ആഴ്ചയ്ക്കുള്ളില്‍ മതില്‍ പണിത് നൽകണം, നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍ നിന്ന് ഈടാക്കാം ; മഴയില്‍ തകര്‍ന്ന മതില്‍ പുനര്‍നിര്‍മിക്കാൻ കോട്ടയം കളക്ടര്‍ക്ക് നിര്‍ദേശം നൽകി സുപ്രീം കോടതി

ആറ് ആഴ്ചയ്ക്കുള്ളില്‍ മതില്‍ പണിത് നൽകണം, നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍ നിന്ന് ഈടാക്കാം ; മഴയില്‍ തകര്‍ന്ന മതില്‍ പുനര്‍നിര്‍മിക്കാൻ കോട്ടയം കളക്ടര്‍ക്ക് നിര്‍ദേശം നൽകി സുപ്രീം കോടതി

കോട്ടയം : ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയില്‍ തകർന്ന മതില്‍ പുനർനിർമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ആറ് ആഴ്ചയ്ക്കുള്ളില്‍ മതില്‍ പണിത് നല്‍കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നിർദേശം നല്‍കി. നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍നിന്ന് ഈടാക്കാനും ജസ്റ്റിസ്മാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു.

സംസ്ഥാന ലാൻഡ് റവന്യു കമ്മീഷ്ണർ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 2015-ലാണ് വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്ര കുളത്തിനും കനാലിനും സമീപത്തുള്ള സുരേഷിന്റെ വസ്തുവിനോട് ചേർന്ന് മതില്‍ പണിതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മതില്‍ 2022-ലെ ശക്തമായ മഴയില്‍ തകർന്നു. ദുരന്തനിവാരണ ഫണ്ടില്‍നിന്ന് പണമെടുത്ത് മതില്‍ പുനർനിർമിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് മതില്‍ പണിയാൻ പണം നല്‍കാൻ കഴിയില്ല എന്ന നിലപാടാണ് ലാൻഡ് റവന്യു കമ്മീഷണർ സ്വീകരിച്ചത്.സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയും ഹർജിക്കാരനായ കെ.സുരേഷിന് വേണ്ടി അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി.

മഴയില്‍ തകർന്ന മതില്‍ മുനിസിപ്പാലിറ്റിയെക്കൊണ്ട് പുനർനിർമിക്കാനുള്ള അധികാരം പോലും ലാൻഡ് റവന്യു കമ്മീഷണർക്ക് ഇല്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. മതില്‍ പണിയേണ്ടത് മുൻസിപ്പാലിറ്റി ആണെന്നും അവർ കേസില്‍ കക്ഷിയല്ലെന്നും കൗശികന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം.

ഇടുക്കി ഏലം കുത്തകപാട്ട ഭൂമി കേസില്‍ കോടതി അലക്ഷ്യ നടപടികള്‍ക്ക് കൗശികനേ വിളിച്ച്‌ വരുത്തിയത് കോടതി ചൂണ്ടിക്കാട്ടി. രണ്ട് ആഴ്ച മുൻപ് കോടതിയില്‍ നേരിട്ട് ഹാജരായതോടെയാണ് കോടതി അലക്ഷ്യ നടപടികളില്‍നിന്ന് ഡോ.കൗശികനേ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഒഴിവാക്കിയത്.