
തേർഡ് ഐ ബ്യൂറോ
കൊച്ചി: സൂപ്പർ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(48) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇടുപ്പെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നു സ്ഥിതി ഗതികൾ ഗുരുതരമായ ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് സച്ചി മലയാളത്തിന്റെ വെള്ളിത്തിരയിലേയ്ക്കു കടക്കുന്നത്. സച്ചിയും സേതുവും ചേർന്നാണ് ചോക്ലേറ്റിന് തിരക്കഥ എഴുതിയത്. തുടർന്നു റൺ ബേബി റൺ എന്ന ചിത്രത്തിന് ഒറ്റയ്ക്കു തിരക്കഥയെഴുതി സ്വതന്ത്ര തിരക്കഥാകൃത്തായി മാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൃഥ്വിരാജ് – ബിജുമേനോൻ കൂട്ട് കെട്ടിനു തുടക്കമിട്ട അനാർക്കലിയിലൂടെയാണ് സച്ചി സ്വതന്ത്ര സംവിധായകനായി മാറിയത്. ഏറ്റവും ഒടുവിൽ പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടിന്റെ ഡ്രൈവിങ് ലെസൻസും, പൃഥ്വിരാജ് – ബിജുമേനോൻ കൂട്ടുകെട്ടിലൂടെ അയ്യപ്പനും കോശിയും എത്തിയതോടെ സച്ചി മലയാളത്തിലെ മുൻ നിര സംവിധായകരുടെ നിരയിലേയ്ക്കു കസേര വലിച്ചിട്ട് ഇരുന്നു. പുതിയ ചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കിയുള്ള കഥതയ്യാറെടുക്കുന്നതിനിടെയാണ് സച്ചിയെ മടക്കി വിളിച്ചിരിക്കുന്നത്.
എട്ടു വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്തിരുന്ന സച്ചി, ഈ ജോലിയിൽ നിന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായി രംഗത്ത് എത്തുന്നത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി ഇപ്പോൾ, കൊച്ചി തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.
അടുത്തിടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പെല്ല് മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു സച്ചി വിധേയനായിരുന്നു. ഈ ശസ്ത്രക്രിയക്കു ശേഷം ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർന്നു, കഴിഞ്ഞ ചൊവ്വാഴ്ച സച്ചിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.