പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം; രണ്ടുലക്ഷം രൂപ നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം. സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്. നവജാത ശിശുക്കളിൽ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കൾക്കും ഡോക്ടർമാർക്കും ബോധവത്കരണം നൽകണമെന്നും ആവശ്യപ്പെട്ടു.
എം.ബി.ബി.എസ്. ബിരുദവും മൂന്നുവർഷം സേവനപരിചയവുമുള്ള ഡോക്ടർ നടത്തിയ സുന്നത്ത് കർമത്തിനിടെയാണ് മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ മകന് അപകടമുണ്ടായത്. മലപ്പുറം പെരുമ്പടപ്പിലുള്ള കെ.വി.എം. മെഡിക്കൽ സെന്ററിലായിരുന്നു ശസ്ത്രക്രിയ. പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും നിസ്സാര വകുപ്പ് മാത്രം ചുമത്തി കേസെടുത്തതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാതാപിതാക്കൾക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ ചെലവായതായി ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്. ഡോക്ടറുടെ പരിചയക്കുറവാണ് ചികിത്സാ പിഴവിന് കാരണമായത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. തുരുമ്പെടുത്ത ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ആശുപത്രി എത്രയും വേഗം പൂട്ടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. മതിയായ അന്വേഷണം നടത്താതെ തിരൂർ ഡിവൈ.എസ്.പി. സമർപ്പിച്ച അന്വേഷണറിപ്പോർട്ട് കമ്മീഷൻ തള്ളി.