
സൂര്യാഘാതം , ക്ഷീരകർഷകർക്കു ജാഗ്രത നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്
സ്വന്തംലേഖകൻ
കോട്ടയം : കടുത്ത ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. കറവപശുക്കളില്‍ അന്തരീക്ഷ താപനില 35 ഡിഗ്രിയില്‍ കൂടുകയും ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നത് സൂര്യാഘാതത്തിന് കാരണമാകും. കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.അണപ്പ് കൂടുക, വായില്‍ നിന്നും നുരയും പതയും വരുക, ശ്വാസോച്ഛാസ നിരക്കും, ഹൃദയമിടിപ്പും ക്രമാതീതമായി ഉയരുക. തീറ്റ തിന്നാന്‍ മടുപ്പ് പാലുല്‍ല്പാദനം കുറയുക എന്നിവയാണ് ,സൂര്യാഘാതത്തിന്റ ലക്ഷണങ്ങൾ. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടാതിരിക്കുക. തണലുളള സ്ഥലങ്ങളില്‍ മാത്രം കെട്ടിയിടുക. മേയാന്‍ വിടുന്നത് രാവിലെ 9 ന് മുന്‍പും വൈകീട്ട് നാല് മണിക്ക് ശേഷവും മാത്രം. ആവശ്യത്തിന് വായു സഞ്ചാരമുളള ഷെഡ്ഡുകളില്‍ പാര്‍പ്പിക്കുക. . ഓലമേഞ്ഞ തൊഴുത്ത് വേനല്‍ച്ചൂടിനെ ചെറുക്കും. ചൂടിനെ പ്രതിരോധിക്കാന്‍ തൊഴുത്തില്‍ ഫാന്‍ ഉപയോഗിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദേശിക്കുന്നു .ചൂട് കുറഞ്ഞ സമയങ്ങളില്‍ മാത്രം തീറ്റ നല്‍കാന്‍ ശ്രദ്ധിക്കുക. തീറ്റയില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. തണുത്ത, ശുദ്ധമായ വെളളത്തിന്റെ ലഭ്യത എല്ലായ്‌പോഴും ഉറപ്പു വരുത്തുക. പശുക്കളെ ദിവസവും രണ്ട് നേരമെങ്കിലും കുളിപ്പിക്കുക. ദിവസം 15-20 മിനിട്ടു കൂടുമ്പോള്‍ വെളളം ശരീരത്ത് തളിച്ചാല്‍ ചൂടിനെ ഒരു പരിധിവരെ ശമിപ്പിക്കാം. സംശയാസ്പദമായി എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അടുത്തുളള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിച്ചു.