
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വിവിധയിടങ്ങളിൽ സൂര്യാതപമേറ്റു ആളുകൾ ചികിത്സ തേടി. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലും രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
കൊല്ലത്ത് കൊട്ടിയം സ്വദേശിയായ നിഹാൽ നജീബിന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കൈയ്ക്ക് പൊള്ളലേറ്റു. പള്ളിമുക്കിൽ വെച്ചാണ് സംഭവം. കോട്ടയത്ത് പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം നീക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗമായ നിജിലിനും കൈയ്ക്ക് പൊള്ളലേറ്റു. ഇരുവരും പ്രാഥമിക ചികിത്സ തേടി.
ഇതിനിടെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട് 40°C വരെ, കൊല്ലത്ത് 39°C വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് അപകടനിലയിലാണ്. നാളെ മുതൽ വേനൽമഴ ശക്തിപ്പെടാനും ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







