video
play-sharp-fill
സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.

സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.

സ്വന്തം ലേഖകൻ
ഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂർ എം.പിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമൻസ് അയച്ചത്. കേസിൽ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം ഡൽഹി മെട്രോപൊളിറ്റൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇ-മെയിൽ അയച്ചിരുന്നതായി പൊലീസ് പറയുന്നു. വിഷാദ രോഗത്തിനുള്ള അൽപ്രാക്സ് എന്ന മരുന്ന് അമിത അളവിൽ കഴിച്ചതിനെ തുടർന്ന് സുനന്ദ മരണപ്പെട്ടുവെന്നാണ് കുറ്റപത്രം. ഡൽഹിയിലെ ലീല ഹോട്ടലിലെ 345-ാം നമ്ബർ മുറിയിൽ 2014 ജനുവരി 17-നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ രാഷ്ട്രീ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് സുനന്ദയുടെ മരണം.