സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു; ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാർ; ഗണേഷ് കുമാറിന് രൂക്ഷ വിമർശനം

Spread the love

പത്തനംതിട്ട: വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആത്മാഭിമാനവും അന്തസ്സുള്ള നായന്മാർ പത്തനംതിട്ടയിലാണ് ഉള്ളത്. ആദ്യ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് തന്നെ പത്തനംതിട്ടയിലാണ്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമർശകർ നൽകുന്ന മറുപടി.

സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയായിരുന്നു പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന്ന് ഒന്നുമില്ല എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കാശ് മുടക്കിയാൽ ഏത് “അലവലാതികൾക്കും” ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരിഹാസം. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല, സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും ഗണേഷ് കുമാർ ചോദിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കി സുകുമാരൻ നായര്‍

അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം പ്രകടിപ്പിച്ചത്. ശബരിമല വിഷയത്തിൽ ഇടതിനോടുള്ള എൻഎസ്എസ് അടുപ്പം വോട്ട് പിന്തുണയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന്‍റെ അറിവോടെ അദ്ദഹത്തോട് അടുപ്പമുള്ള നേതാക്കള്‍ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത്. സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും പറഞ്ഞു.