
കോട്ടയം രാമപുരം കെ എസ് ഇ ബി സെക്ഷനിലെ കരാർ തൊഴിലാളിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇടുക്കി വെള്ളത്തൂവൽ സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: രാമപുരം കെ എസ് ഇ ബി സെക്ഷനിൽ കരാർ തൊഴിലാളിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്ന വെള്ളത്തൂവൽ കത്തിപ്പാറ സ്വദേശി കട്ടക്കകത്ത് ബിജു കെ തങ്കപ്പൻ(36) ആണ് വാടക മുറിയിൽ തൂങ്ങി മരിച്ചത്.
കൂടെ ജോലി ചെയ്യുന്ന രണ്ടുപേർ പതിവുപോലെ ജോലിയ്ക്കായി ബിജുവിനെ കൂട്ടുവാനായി ചെന്നപ്പോഴാണ് വാതിൽ തുറന്ന നിലയിലും മുറിയിൽ കട്ടിലിന് താഴെയായി കമഴ്ന്നു കിടക്കുന്ന ബിജുവിനേയും കണ്ടത്. സമീപത്ത് കട്ടിലിന് മുകൾഭാഗത്തായി വാർക്കയിലെ ഹുക്കിൽ പ്ലാസ്റ്റിക് കയർ തൂങ്ങിക്കിടക്കുന്ന നിലയിലും കട്ടിലിൽ മറിഞ്ഞു കിടക്കുന്ന പാസ്റ്റിക്ക് സ്റ്റൂളും ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തികേടു തോന്നിയ രണ്ടു പേരും മുറിയ്ക്ക് പുറത്തുകടന്ന് കൂടെ ജോലി ചെയ്യുന്നവരേയും കോൺട്രാക്ടർ ജോമോനേയും ഫോൺ ചെയ്തറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് രാമപുരം എസ് എച്ച് ഒ അരുൺ കുമാർ പി എസിന്റെ നേതൃത്വത്തിലുള്ള പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.
അവിവാഹിതനായിരുന്ന ബിജു സ്ഥിരം മദ്യപാനിയായിരുന്നെന്ന് സമീപ വാസികളും കൂടെ ജോലി ചെയ്യുന്നവരും പറഞ്ഞു. കൂടാതെ വീടുമായി അകന്നു കഴിയുകയായിരുന്നെന്നും, രണ്ടു വർഷമായി വീട്ടിൽ പോകാറില്ലെന്നും പറയുന്നു. ആറ് വർഷമായി ഈ ബിൽഡിംഗിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്.
എട്ട് വർഷമായി ബിജു രാമപുരത്ത് കരാർ ജോലി ചെയ്യുന്നു. ഏൽപ്പിക്കുന്ന ജോലികൾ വളരെ കൃത്യതയോടും ആത്മാർത്ഥതയോടും ചെയ്തു തീർക്കുന്ന ആളായിരുന്നു ബിജു എന്ന് കോൺട്രക്ടറായ ജോമോൻ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബോഡി പാലാ ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകി.
എസ് ഐ ബാബു, എ എസ് ഐ വിനോദ്, സി പി ഒ പ്രശാന്ത് എന്നിവരാണ് എസ് എച്ച് ഒ അരുൺ കുമാറിനൊപ്പം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയത്.