
1496 രൂപ കുടിശ്ശിക അടയ്ക്കാന്‍ സാധിച്ചില്ല; കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചു; അപമാനത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി; വൈദ്യുതി മുടക്കാന്‍ മുന്‍പന്തിയില്‍ നിന്നത് പഞ്ചായത്ത് പ്രസിഡന്റെന്ന് മക്കളുടെ ആരോപണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനില്‍ (39) ആണ് മരിച്ചത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ കരണ്ട് ബില്‍ അടച്ചിട്ടില്ലെന്നും കുടിശിക 1496 രൂപയില്‍ എത്തിയത് കാരണമാണ് സുനിലിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചതെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം.
ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. രാത്രി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. കോണ്‍ഗ്രസ് വിമതനായിരുന്നു. വീട്ടിലെ വൈദ്യുതി മുടക്കിയത് പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാണെന്ന് സനിലിന്റെ മക്കള്‍ ആരോപിക്കുന്നു. ഇയാളുടെ വീട്ടില്‍ പോയ സനില്‍ തിരിച്ചുവന്നശേഷമാണ് ജീവനൊടുക്കിയതെന്നും മക്കള്‍ പറഞ്ഞു. വൈകുന്നേരം പണം അടയ്ക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും വഴങ്ങിയില്ലെന്ന് മക്കള്‍ ആരോപിക്കുന്നു. സനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ഒരു മണിക്കൂറോളം വൈകിയാണ് സനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നും മകന്‍ പറഞ്ഞു.