അടുക്കും ചിട്ടയുമില്ലാത്ത ജീവിതം തന്നെ ആശുപത്രിക്കിടക്കയിലെത്തിച്ചു; സമയത്തിന് ഭക്ഷണം കഴിക്കണമെന്നും കൃത്യമായി ഉറങ്ങണമെന്നും മരുന്നുകളുണ്ടെങ്കില്‍ അതു മുടക്കരുതെന്നും താരം; ആറു മാസം മുന്‍പ് പോസ്റ്റ് ചെയ്ത വിഡിയോയിലെ സുബി സുരേഷിന്റെ വാക്കുകൾ ശ്രദ്ധനേടുമ്പോൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: അടുക്കും ചിട്ടയുമില്ലാത്ത ജീവിതം തന്നെ രോഗിയാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ അക്റ്റീവായിരുന്ന താരം സുബി സുരേഷ് ആറു മാസം മുന്‍പ് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്ന കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 25നാണ് സുബി തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് പത്ത് ദിവസത്തോളമാണ് താരം ആശുപത്രിയില്‍ കിടന്നത്. ആശുപത്രിയില്‍ കിടക്കാനുണ്ടായ കാരണം വ്യക്തമാക്കുന്നതായിരുന്നു വിഡിയോ. തന്നെ വര്‍ക്ക്‌ഷോപ്പില്‍ കയറ്റി എന്നാണ് തന്റെ തനതു രീതിയില്‍ സുബി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ചാനലിന്റെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ തലേദിവസമാണ് ശരീരവേദനയും നെഞ്ചുവേദനയും ഗാസ്ട്രിക് പ്രശ്‌നങ്ങളുമുണ്ടാകുന്നത്. കടുത്ത ഛര്‍ദിയായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും താരം പറയുന്നുണ്ട്.

ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയില്‍ പാന്‍ക്രിയാസില്‍ ഒരു സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത് വലിയ അപകടകാരിയായിട്ടില്ലെന്നാണ് വിഡിയോയില്‍ സുബി പറയുന്നത്. വേണമെങ്കില്‍ അത് കീഹോള്‍ ചെയ്ത് കളയാം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തനിക്ക് മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എല്ലാം കുറവാണെന്നും ഇതെല്ലാം ഡ്രിപ്പിട്ട് ശരീരത്തിലേക്ക് കയറ്റേണ്ടിവന്നുവെന്നുമാണ് സുബി പറയുന്നത്. പൊട്ടാസ്യം കുറഞ്ഞാല്‍ മാരകരോഗങ്ങള്‍ വരാനും സാധ്യതയുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്.

തൈറോയിഡിന്റെ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ല. അത് കഴിക്കാതിരുന്നാലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമെന്നും താര പറയുന്നുണ്ട്. തന്റെ പോലെ അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുന്നവര്‍ക്ക് ഉപദേശവും താരം നല്‍കുന്നുണ്ട്. സമയത്തിന് ഭക്ഷണം കഴിക്കണമെന്നും കൃത്യമായി ഉറങ്ങണമെന്നും മരുന്നുകളുണ്ടെങ്കില്‍ അതു മുടക്കരുതെന്നുമാണ് താരം പറഞ്ഞത്. ഇനി മുതല്‍ താന്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ പോവുകയാണെന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്.

അതിനു പിന്നാലെ ഏഴു ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായും സുബി പോയിരുന്നു. ഇതിന്റെ വിഡിയോയും താരം പങ്കുവച്ചിരുന്നു. താന്‍ നന്നാവുന്നതിന്റെ ഭാഗമായിട്ടാണ് ആയുര്‍വേദ ചികിത്സ എന്നാണ് സുബി പറഞ്ഞത്. താരത്തിന്റെ ചാനലിലെ വിഡിയോകള്‍ ആരാധകര്‍ക്കൊന്നാകെ വേദനയാവുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.