ശബരിമലയിലെ അറസ്റ്റ്: സംഘപരിവാർ ഹർത്താൽ ജില്ലയിൽ ഭാഗികം: എസ്പി ഓഫിസിലേയ്ക്കുള്ള മാർച്ച് സമാധാനപരം
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ എത്തിയ സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ ജില്ലയിൽ ഭാഗീകം. സ്വകാര്യ വാഹനങ്ങൾ ഓടുന്ന കോട്ടയത്തെ നഗരത്തിലെ മാർക്കറ്റിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പകുതിയും തുറന്ന് പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് നഗരത്തിൽ പ്രകടനമായി എത്തിയ പ്രവർത്തകർ കടകൾ അടപ്പിക്കുകയായിരുന്നു. ടി ബി റോഡിലെ ഇന്ത്യൻ കോഫി ഹൗസും , കോട്ടയം സബ് ട്രഷറിയും പ്രവർത്തകർ അടപ്പിച്ചു.
തുടർന്ന് വിവിധ സംഘപരിവാർ പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്നും പ്രകടനം ആരംഭിച്ചു. കെ കെ റോഡിലൂടെ പ്രകടനമായി എസ് പി ഓഫിസിലേയ്ക്ക് പ്രവർത്തകർ എത്തി. കളക്ടറേറ്റിന് മുന്നിൽ പൊലീസ് പ്രകടനം തടഞ്ഞു. തുടർന്ന് ചേർന്ന യോഗം
ആർ.എസ് എസ് പ്രാന്തീയ കാര്യകാരി സഭ സ്യർ അഡ്വ.ശങ്കർ റാം ഉദ്ഘാടനം ചെയ്തു. ബി ജെ പി മേഖലാ പ്രസിഡന്റ് അഡ്വ. എൻ.കെ നാരായണൻ നമ്പൂതിരി ,ശബരിമല കർമ്മ സമിതി ജില്ലാ പ്രസിഡന്റ് പി എസ് പ്രസാദ് , ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി എന്നിവർ പ്രസംഗിച്ചു.
സന്നിധാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് കോട്ടയം എസ് പി ഹരിശങ്കറിനെ പമ്പയിൽ എത്തിച്ചിരിക്കുന്നതെന്ന് ശങ്കർ റാം ആരോപിച്ചു. ശബരിമലയിലും സന്നിധാനത്തും ബൂട്ടിട്ട് പൊലീസ് കയറണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നൽകിയിരിക്കുന്ന നിർദേശം. ഇത് ശബരിമലയെ തകർക്കാനുള്ള അന്തർദേശീയ ഗൂഡാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കംസനാണെന്ന് ബിജെപി മേഖലാ പ്രസിഡന്റ് നാരായണൻ നമ്പൂതിരി അരോപിച്ചു. ശ്രീകൃഷ്ണന്റെ മാതാപിതാക്കളായ വസുദേവരെയും ദേവകിയെയും കംസൻ ജയിലിൽ അടയ്ക്കുകയായിരുന്നു. ഇത് തന്നെയാണ് ശശികല ടീച്ചറുടെ കാര്യത്തിലും സംഭവിച്ചത്. പിണറായിയെന്ന കംസനെ നേരിടാൻ നൂറ് കണക്കിന് ടീച്ചർമാർ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group